പശ്ചിമബംഗാളിൽ സംഘർഷം; ഒരാൾ വെടിയേറ്റ് മരിച്ചു, നിരവധിപേർക്ക് പരിക്ക്
text_fieldsകൊൽക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിൽ പലയിടങ്ങളിലും സംഘർഷം. തൃണമൂൽ കോൺഗ്രസ് (ടി.എം.സി) പ്രവർത്തകൻ വെടിയേറ്റ് മരിച്ചു. കാതൽബെരിയ ഗ്രാമപഞ്ചായത്തിലെ തൃണമൂൽ സ്ഥാനാർഥി മൻവാരയുടെ പിതാവ് ജിയാറുൽ മൊല്ലയാണ് (52) മരിച്ചത്.
സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബസന്തിയിലെ ഫുൽമലഞ്ച മേഖലയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മൊല്ലക്ക് വെടിയേറ്റത്. രാഷ്ട്രീയം വിടണമെന്ന് ആവശ്യപ്പെട്ട് മൊല്ലക്ക് എതിരാളികളിൽനിന്ന് നിരന്തരം ഭീഷണികളുണ്ടായിരുന്നുവെന്നും പരാതിപ്പെട്ടെങ്കിലും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും മൻവാര പറഞ്ഞു.
ഞായറാഴ്ച പശ്ചിമ മേദിനിപുർ ജില്ലയിൽ സി.പി.എം, ഐ.എസ്.എഫ് അനുഭാവികളും ടി.എം.സിയുടെ പ്രവർത്തകരും ഏറ്റുമുട്ടിയതിനെ തുടർന്ന് 10 പേർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു.ചൽതബെരിയ പഞ്ചായത്തിലെ ടി.എം.സി സ്ഥാനാർഥി ഇബ്രാഹിം മൊല്ലക്ക് കുത്തേറ്റു. രാത്രി തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് സൗത്ത് 24 പർഗാനാസിലെ ഭംഗാറിലെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം.
ശനിയാഴ്ച രാത്രി ദിൻഹത മേഖലയിൽ നടന്ന സംഘർഷത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരിൽ ടി.എം.സി സ്ഥാനാർഥിയുടെ ബന്ധുവും ഉൾപ്പെടുന്നുവെന്ന് പൊലീസ് പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പണം ആരംഭിച്ചതു മുതൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ പശ്ചിമബംഗാളിൽ ഇതുവരെ 10 പേരാണ് കൊല്ലപ്പെട്ടത്. ജൂലൈ എട്ടിനാണ് തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.