വാഹനങ്ങൾ ഉരസിയതിനെച്ചൊല്ലി സംഘർഷം; മൂന്നുപേർക്ക് വെടിയേറ്റു
text_fieldsന്യൂഡൽഹി: വാഹനങ്ങൾ തമ്മിൽ ഉരസിയതിനെച്ചൊല്ലിയുണ്ടായ സംഘർഷം വെടിവെപ്പിൽ കലാശിച്ചു. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. വടക്കൻ ഡൽഹിയിലെ ചെങ്കോട്ട മേഖലക്ക് സമീപമാണ് സംഭവം. ആബിദ്, അമൻ, ദിഫറാസ് എന്നിവർക്കാണ് പരിക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ കാലിനും തുടക്കും മുതുകിനും പരിക്കേറ്റതായും ആശുപത്രിയിൽ ചികിത്സയിലാണെന്നും കൂട്ടിച്ചേർത്തു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. വാഹനങ്ങളുടെ പാർട്സ് വിൽപ്പനക്കാരനായ മുഹമ്മദ് ഷാഹിദ് ഭാര്യയോടൊപ്പം ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്നു. അങ്കൂരി ബാഗ് ഏരിയയിലെ വീടിന് സമീപം എത്തിയപ്പോൾ എതിർദിശയിൽനിന്ന് വന്ന ഇരുചക്രവാഹനം ഇവരുടെ ബൈക്കിൽ ഉരസി. രണ്ടുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
ഷാഹിദിന്‍റെ വാഹനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചു. തന്‍റെ വാഹനം നന്നാക്കിത്തരണമെന്ന് ഷാഹിദ് യുവാക്കളോട് ആവശ്യപ്പെട്ടു. ഇതോടെ തർക്കമായി. അങ്കൂരി ബാഗ് പ്രദേശത്തെ നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടി. യുവാക്കളിൽ ഒരാൾ തന്‍റെ സഹോദരനെ സംഭവം അറിയിച്ചു.
ഇതിനിടെ യുവാക്കൾ രക്ഷപ്പെടാൻ ശ്രമിച്ചതോടെ നാട്ടുകാർ പിടികൂടി. ഇവിടേക്ക് വന്ന യുവാക്കളുടെ സുഹൃത്തുക്കൾ നാട്ടുകാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അഞ്ച് റൗണ്ടാണ് വെടിയുതിർത്തത്. ഒന്ന് വായുവിലേക്കും നാലെണ്ണം നാട്ടുകാരെ ലക്ഷ്യമിട്ടും വെടിവെച്ചു.
ഷാഹിദിന്‍റെ സഹോദരൻ ആബിദ് ഉൾപ്പെടെ മൂന്നുപേർക്കാണ് പരിക്കേറ്റത്. എല്ലാവരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ (നോർത്ത്) സാഗർ സിംഗ് കൽസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.