മോദിക്ക് ഗോ ബാക്ക് വിളിച്ച് എൻ.സി.പി, കോൺഗ്രസ് പ്രവർത്തകർ
text_fieldsമുംബൈ: പുണെയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ 'ഗോ ബാക്ക്' വിളിച്ച് എൻ.സി.പി, കോൺഗ്രസ് പ്രവർത്തകർ. ഞായറാഴ്ച പുണെയിൽ മെട്രോ ട്രെയിൻ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് കറുത്ത കൊടി വീശിയും ഗോ ബാക്ക് വിളിച്ചും പ്രതിഷേധിച്ചത്. കോവിഡ് വ്യാപനത്തിന് കാരണമായത് മഹാരാഷ്ട്രയാണെന്ന് പാർലമെന്റിൽ പ്രധാനമന്ത്രി പറഞ്ഞതിലുള്ള പ്രതിഷേധമാണ്.
മാപ്പുപറഞ്ഞില്ലെങ്കിൽ തിരിച്ചുപോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പൂർത്തിയാകാത്ത പദ്ധതി ഉദ്ഘാടനം ചെയ്ത് ജനങ്ങളെ പറ്റിക്കുകയാണെന്നും അവർ ആരോപിച്ചു. അതേസമയം ഉദ്ഘാടനച്ചടങ്ങിൽ പ്രസംഗിക്കെ, പ്രധാനമന്ത്രിയുടെ മുന്നിൽവെച്ച് മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോശിയാരിയെ ഉപമുഖ്യമന്ത്രി അജിത് പവാർ വിമർശിക്കുകയും ചെയ്തു.
അനാവശ്യ പ്രസ്താവനകൾ നടത്തുന്നുവെന്നായിരുന്നു അജിത് പവാറിന്റെ വിമർശനം. രാംദാസാണ് മറാത്ത ചക്രവർത്തി ശിവജിയുടെ ഗുരുവെന്ന ഗവർണറുടെ വിവാദ പ്രസ്താവനയാണ് വിഷയം. ശിവജിയുടെ ഗുരു അമ്മയാണെന്നും രാംദാസിനെ ഗുരുവാക്കി ശിവജിയുടെ വിജയത്തിനുപിന്നിൽ ബ്രാഹ്മണരാണെന്ന് വരുത്താനുള്ള ബ്രാഹ്മണവാദത്തിന്റെ ഭാഗമാണ് ഗവർണറുടെ പ്രസ്താവനയെന്നുമാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.