തെരഞ്ഞെടുപ്പ് കമീഷണർ നിയമനം; സമിതിയിൽ ചീഫ് ജസ്റ്റിസ് വേണമെന്ന് പറയുന്ന അദ്വാനിയുടെ കത്ത് പുറത്തുവിട്ട് കോൺഗ്രസ്
text_fieldsന്യൂഡല്‍ഹി: സുപ്രീംകോടതി വിധി അട്ടിമറിച്ച് മുഖ്യതെരഞ്ഞെടുപ്പ് കമീഷണറയെും തെരഞ്ഞെടുപ്പ് കമീഷണര്‍മാരെയും നിയമിക്കാനുള്ള സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിനെ ഒഴിവാക്കാൻ കേന്ദ്രം രാജ്യസഭയിൽ അവതരിപ്പിച്ച ബിൽ വിവാദമായിരിക്കെ, 2012-ല്‍ ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി അധ്യക്ഷനായിരുന്ന എൽ.കെ അദ്വാനി അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് അയച്ച കത്ത് കോണ്‍ഗ്രസ് പുറത്തുവിട്ടു.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെയും മറ്റംഗങ്ങളെയും തെരഞ്ഞെടുക്കേണ്ടത് അഞ്ചംഗങ്ങളുള്ള സമിതിയോ, കൊളീജിയമോ ആയിരിക്കണമെന്ന് നിർദേശിച്ചാണ് അദ്വാനി കത്തയച്ചിരിക്കുന്നത്. പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പാര്‍ലമെന്‍റിലെ ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കള്‍, നിയമമന്ത്രി എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പാനലാണ് കത്തിൽ നിര്‍ദേശിച്ചിരുന്നത്.
പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം തെരഞ്ഞെടുപ്പ് കമീഷന്‍ അംഗങ്ങളെ രാഷ്ട്രപതി നിയമിക്കുന്ന നിലവിലെ സംവിധാനം ജനങ്ങള്‍ക്കിടയില്‍ വിശ്വാസം ഉളവാക്കുന്നില്ലെന്നും 2012 ജൂണ്‍ രണ്ടിനെഴുതിയ കത്തില്‍ അദ്വാനി പറയുന്നു.
മോദി സർക്കാർ കഴിഞ്ഞ ദിവസം രാജ്യസഭയിൽ അവരതിപ്പിച്ച ബില്‍ അദ്വാനിയുടെ നിലപാടിനും സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്കും എതിരാണെന്ന് കത്തു ട്വീറ്റു ചെയ്തുകൊണ്ട് കോൺഗ്രസ് വക്താവ് ജയ്‌റാം രമേശ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷന്‍റെ നിയന്ത്രണം കൈപ്പിടിയിലാക്കുക ലക്ഷ്യമിട്ടാണ് മോദി സര്‍ക്കാരിന്‍റെ നീക്കമെന്നും ജയ്‌റാം രമേശ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.