നേതാക്കൾ മോദിയെക്കാൾ വളരാൻ പാടില്ല; എല്ലാം തലയാട്ടി അനുസരിക്കുന്ന പാവകളായിരിക്കണം -മൂന്ന് സംസ്ഥാനങ്ങളിൽ ബി.ജെ.പി പുതുമുഖങ്ങളെ മുഖ്യമന്ത്രിയാക്കിയതിൽ കോൺഗ്രസ്
text_fieldsന്യൂഡൽഹി: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ പുതുമുഖങ്ങളെ മുഖ്യമന്ത്രിമാരാക്കി അമ്പരപ്പിച്ചിരിക്കുകയാണ് ബി.ജെ.പി. പുതുമുഖങ്ങളാണെങ്കിലും മൂന്നുപേരും ശക്തമായ ആർ.എസ്.എസ്-എ.ബി.വി.പി വേരുകളുള്ളവരാണ്. മൂന്നിടത്തും ബി.ജെ.പി പുതുമുഖങ്ങളെ പരീക്ഷിച്ചതിനു പിന്നിലെ കാരണം വിലയിരുത്തുകയാണ് കോൺഗ്രസ്.
ഒട്ടും ജനാധിപത്യമില്ലാത്ത പാർട്ടിയാണ് ബി.ജെ.പിയെന്ന് കോൺഗ്രസ് എം.പി മാണിക്കം ടാഗോർ പറയുന്നു. പുതുമുഖങ്ങളെ മുഖ്യമന്ത്രിമാരാക്കിയത് ശരിക്കും അമ്പരപ്പിക്കുന്നത് തന്നെയാണ്. എന്നാൽ എല്ലാം തീരുമാനിക്കുന്നത് പ്രധാനമന്ത്രി മോദിയും അമിത് ഷായുമാണ്. ജനങ്ങളല്ല. ജനങ്ങളുടെയും എം.എൽ.എമാരുടെയും തീരുമാനത്തിനൊന്നും ഒരു വിലയുമില്ല.-കോൺഗ്രസ് എം.പി ചൂണ്ടിക്കാട്ടി.
വസുന്ധര രാജെയെയും ദിവ്യകുമാരിയെയും ഗജേന്ദ്ര സിങ് ഷെഖാവത്തിനെയും മഹന്ദ് ബാലക്നാഥിനെയും വെട്ടിനിരത്തിയാണ് ബി.ജെ.പി രാജസ്ഥാനിൽ ഭജൻലാൽ ശർമയെ മുഖ്യമന്ത്രിയാക്കിയത്.
തെരഞ്ഞെടുപ്പിൽ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ച് വിജയിപ്പിച്ച ശിവരാജ് സിങ് ചൗഹാനെ മാറ്റി മോഹൻ യാദവിന് ബി.ജെ.പി മുഖ്യമന്ത്രിയാകാൻ അവസരം നൽകി. മുൻ മുഖ്യമന്ത്രി രമൺ സിങ്ങിനെ സ്പീക്കർ സ്ഥാനം നൽകി ഒതുക്കി ഛത്തീസ്ഗഢിൽ വിഷ്ണു ദിയോ സായിയെയും മുഖ്യമന്ത്രിയാക്കി.
യഥാർഥത്തിൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെല്ലാം കേന്ദ്രനേതൃത്വത്തിനു മുന്നിൽ ഓഛാനിച്ചു നിൽക്കുന്നവരാണ്. വസുന്ധരയും രമൺ സിങ്ങും ശിവരാജ് സിങ് ചൗഹാനും പാർട്ടിയേക്കാൾ വളർന്ന നേതാക്കളാണ്. ബി.ജെ.പിക്ക് വേണ്ടത് വിധേയത്വം കാണിക്കുന്നവരെയാണെന്ന് പാർട്ട് വക്താവ് സുപ്രിയ ശ്രീനാതെ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വെല്ലുവിളി സൃഷ്ടിക്കുന്നവരെ വെട്ടിനിരത്തുകയാണ് ബി.ജെ.പിയുടെ ശൈലി. ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങളിലും മോദിവിശ്വസ്തരാണ് ഭരിക്കുന്നത്.
സുപ്രിയയുടെ പോസ്റ്റിന് മറുപടിയുമായി ബി.ജെ.പി രംഗത്തുവന്നിട്ടുണ്ട്. വ്യാപം അഴിമതിക്കേസ് ആരോപണമുയർന്ന ശിവരാജ് സിങ് ചൗഹാൻ തന്നെ മധ്യപ്രദേശ് മുഖ്യമന്ത്രിയാകണമെന്നാണോ കോൺഗ്രസ് പറയുന്നതെന്ന് രാഷ്ട്രീയ നിരീക്ഷക തഹ്സീൻ പുനവാല ചോദിച്ചു. അതുപോലെ രാജസ്ഥാനിൽ വസുന്ധര മുഖ്യമന്ത്രിയാകണമെന്നാണോ കോൺഗ്രസ് ആഗ്രഹിച്ചതെന്നും അവർ ചോദിച്ചു.
പുതിയ രാജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻ ലാൽ ശർമയുടെ പേര് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് വസുന്ധര രാജെയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും നടത്തിയ ആശയവിനിമയത്തിന്റെ വീഡിയോ കോൺഗ്രസ് നേതാവ് ശ്രീനിവാസ് ബി.വി. പങ്കുവെച്ചു. വിഡിയോയിൽ, വസുന്ധര രാജെ ഒരു കടലാസ് തുറന്ന് രാജ്‌നാഥ്സ് സിങ്ങിനോട് സംസാരിക്കുന്നത് കാണാം. കടലാസിൽ ഭജൻലാൽ ശർമയുടെ പേരുണ്ടാകാമെന്നും വസുന്ധര രാജെ അത് കണ്ട് ഞെട്ടിയെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. പുതിയ മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിച്ചതിന് ശേഷം ഭജൻലാലിന്റെ പേര് വസുന്ധര രാജെ നിർദേശിച്ചതായി രാജസ്ഥാൻ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന നിരീക്ഷകരിൽ ഒരാളായ രാജ്നാഥ് സിങ് പറയുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.