കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ഗെഹ്‌ലോട്ട് പുറത്തേക്ക്? പകരം ആരാകും സ്ഥാനാർഥി?
text_fieldsന്യൂഡൽഹി: രാജസ്ഥാനിലെ രാഷ്ട്രീയ സംഭവ വികാസങ്ങളെ തുടർന്ന് കോൺഗ്രസ് നേതൃത്വത്തിൽ ചൂടേറിയ ചർച്ചകൾ തുടരുകയാണ്. പാർട്ടി നേതൃത്വത്തിലേക്ക് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് എത്തുമോ എന്ന കാര്യത്തിൽ അനിശ്ചിതാവസ്ഥയുണ്ടായതിനെ തുടർന്ന് മുതിർന്ന നേതാക്കളെല്ലാം തിരക്കിട്ട ചർച്ച നടത്തി. പത്രിക സമർപ്പിക്കാൻ നാല് ദിവസം മാത്രം ബാക്കി നിൽക്കെ ഗെഹ്ലോട്ടിന് പകരക്കാർ ആരൊക്കെയാണ് എന്നതാണ് നേതാക്കൾക്കിടയിലെ സജീവ ചർച്ച. ചർച്ചയിൽ ചില മുതിർന്ന നേതാക്കളുടെ പേരുകൾ ഉയർന്നു വന്നു എന്ന് പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാൽ ഗെഹ്‌ലോട്ട് രാജിവെച്ച് സചിൻ പൈലറ്റിനെ പിൻഗാമിയാക്കാനുള്ള നീക്കത്തെ തുടർന്നാണ് 96 എം.എൽ.എമാർ രാജസ്ഥാൻ ഗവർണർക്ക് രാജി സമർപ്പിച്ചത്. ഈ വിമത എം.എൽ.എമാരാണ് കോൺഗ്രസിന്റെ ഏറ്റവും വലിയ വെല്ലുവിളി. ഗെഹ്‌ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അനുവദിക്കുകയോ അല്ലെങ്കിൽ ഗെഹ്‌ലോട്ട് പക്ഷത്തുള്ള എം.എൽ.എമാരിൽ ആരെയെങ്കിലും മുഖ്യമന്ത്രിയായി പരിഗണിക്കുകയോ വേണമെന്നാണ് വിമതരുടെ ആവശ്യം. രണ്ട് ഉത്തരവാദിത്തങ്ങളും കൈകാര്യം ചെയ്യാൻ ഗെഹ്‌ലോട്ടിന് ആദ്യം താൽപര്യമുണ്ടായിരുന്നുവെങ്കിലും 'ഒരാൾക്ക്, ഒരു പദവി' എന്നതിൽ കോൺഗ്രസ് ഉറച്ചുനിൽക്കുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചതിനെ തുടർന്നാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാനൊരുങ്ങിയത്.
പ്രതിസന്ധിയെ മറികടക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് നേതൃത്വം. കമൽ നാഥ്, മുകുൾ വാസ്നിക്, മല്ലികാർജുൻ ഖാർഗെ, ദിഗ്‌വിജയ് സിങ് തുടങ്ങിയ മുതിർന്ന നേതാക്കളാരെങ്കിലും സ്ഥാനാർഥിയാകുമെന്നാണ് കോൺഗ്രസിനുള്ളിൽനിന്നുള്ള വൃത്തങ്ങൾ ഏറ്റവുമൊടുവിൽ നൽകുന്ന സൂചന. എന്നാൽ കമൽനാഥ് നേരത്തെ സോണിയ ഗാന്ധിയെ കണ്ട് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്. ശശി തരൂർ മത്സരിക്കുന്നുണ്ടെങ്കിലും പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.
ബി.ജെ.പി-കോൺഗ്രസ് പോര് ശക്തമായി നടക്കുന്ന ഉത്തരേന്ത്യയിൽ നിന്നുള്ള ഒരാളെ ബദൽ സ്ഥാനാർഥിയാക്കണമെന്നാണ് മറ്റൊരു നിർദേശമുയരുന്നത്. ദക്ഷിണേന്ത്യക്ക് പാർട്ടിയിൽ വലിയ പ്രാധാന്യമുണ്ടെന്നും രാഹുൽ ഗാന്ധി (കേരളത്തിൽ നിന്നുള്ള എം.പി) ശശി തരൂർ (കേരളത്തിൽ നിന്നുള്ള എം.പി), കെ.സി. വേണുഗോപാൽ (കേരളത്തിൽ നിന്നുള്ള ജനറൽ സെക്രട്ടറി), മല്ലികാർജുൻ ഖാർഗെ (കർണാടകയിൽ നിന്നുള്ള എം.പി) തുടങ്ങിയവർ അവിടങ്ങളിൽ നിന്നുള്ളവരാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി അനിശ്ചിതമായി തുടരുന്നതോടെ ഗെഹ്‌ലോട്ടിൽ ഗാന്ധി കുടുംബത്തിന് താൽപര്യം നഷ്ടപ്പെട്ട മട്ടാണ്. അദ്ദേഹത്തെ ഇനി സ്ഥാനാർഥിയാക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് കോൺഗ്രസ് നേതൃത്വത്തിൽനിന്നുള്ള സൂചനകൾ. അധികാരം നഷ്ടമാകുമെന്നറിഞ്ഞതോടെ വിമത പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഗെഹ്ലോട്ടിന്റെ നീക്കത്തിൽ കോൺഗ്രസ് നേതൃത്വത്തിന് അമർഷമുണ്ട്. രാജസ്ഥാനിലെ പ്രതിസന്ധി അവസാനിച്ച ശേഷം തെരഞ്ഞെടുപ്പ് നടത്താമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.