ഗംഗാവരം തുറമുഖം അദാനി ഗ്രൂപ്പിന്; സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഗംഗാവരം തുറമുഖം അദാനി ഗ്രൂപ്പ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. രാജ്യത്തെ തന്ത്രപ്രധാനമായ മേഖലകളിൽ ഇത്ര വേഗത്തിലും കുറഞ്ഞ കരാർ തുകകളിലും അദാനി സ്വത്തുക്കൾ കൈക്കലാക്കുന്നത് ദൂരൂഹമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രമേശ് പറഞ്ഞു. പുതിയ കരാർ സംബന്ധിച്ച് സംയുക്ത പാർലമെന്ററി കമ്മിറ്റി അന്വേഷിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
കടബാധ്യതയുള്ള കൃഷ്ണപട്ടണം തുറമുഖവുമായുള്ള അദാനിയുടെ ഇടപാടിനേക്കാൾ വളരെ കുറഞ്ഞ തുകക്കാണ് ഗംഗാവരം തുറമുഖം ഇപ്പോൾ നൽകിയിരിക്കുന്നത്. മറ്റ് തടസങ്ങൾ കൂടാതെ വെറും ഒമ്പത് വർഷത്തിനുള്ളിൽ ആറ് തുറമുഖങ്ങൾ അദാനി ഏറ്റെടുത്തത് എങ്ങനെയെന്നും രമേശ് ചോദിച്ചു. 2017-18 മുതൽ അഞ്ച് വർഷത്തിനുള്ളിൽ അദാനി ഗ്രൂപ്പിന്റെ ആസ്തി 17 മടങ്ങ് വളർന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.
2023 ഫെബ്രുവരി 5 മുതൽ, ‘ഹം അദാനി കെ ഹേ കൗൻ’ പരമ്പരയിലൂടെ ഞങ്ങൾ പ്രധാനമന്ത്രിയോട് അദാനിയുമായുള്ള പ്രത്യേക ബന്ധത്തെക്കുറിച്ച് നൂറിലധികം ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. എന്നാൽ ഒന്നിനും ഉത്തരം നൽകാൻ ഭരണപക്ഷത്തിന് ആയില്ലെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
‘തന്ത്രപ്രധാന മേഖലകളിൽ ഇത്രയധികം സ്വത്തുക്കൾ കൈക്കലാക്കാൻ പ്രധാനമന്ത്രി മോദി തന്റെ ഉറ്റസുഹൃത്ത് അദാനിയെ സഹായിച്ചതെങ്ങനെയെന്ന് കണ്ടെത്താൻ ഒരു ജെ.പി.സിക്ക് മാത്രമേ കഴിയൂ എന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. അദാനി വിഷയം സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന് നിരവധി പ്രതിപക്ഷ പാർട്ടികളും നേരത്തേ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.