തെലങ്കാന തെരഞ്ഞെടുപ്പ്; പ്രകടനപത്രിക ബി.ആർ.എസ് പകർത്തിയെന്ന് കോൺഗ്രസ്
text_fieldsഹൈദരാബാദ്: തെലങ്കാന തെരഞ്ഞെടുപ്പിൽ ബി.ആർ.എസ് തങ്ങളുടെ പ്രകടനപത്രിക പകർത്തിയെന്ന് തെലങ്കാന കോൺഗ്രസ് പ്രസിഡന്‍റ് രേവന്ത് റെഡ്ഡി. കോൺഗ്രസ് സാമൂഹ്യ സുരക്ഷ പെൻഷൻ 4000 രൂപയാക്കി ഉയർത്തുമെന്ന് പറഞ്ഞപ്പോൾ ബി.ആർ.എസ് അത് 5000 ആക്കിയെന്നും സ്ത്രീകൾക്ക് 2500 രൂപ നൽകുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചപ്പോൾ ബി.ആർ.എസ് 3000 രൂപ നൽകുമെന്ന് പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പ്രകടനപത്രികയിൽ ഗ്യാസ് സിലണ്ടറുകൾ 500 രൂപക്ക് നൽകുമെന്നാണ് പറഞ്ഞിട്ടുള്ളത്. ബി.ആർ.എസ് 400 രൂപക്ക് ഗ്യാസ് സിലണ്ടറുകൾ നൽകുമെന്ന് പ്രഖ്യാപിച്ചു. കർഷകർക്ക് 15,000 രൂപ നൽകുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തപ്പോൾ ബി.ആർ.എസ് 16,000 രൂപയാക്കിയെന്നും രേവന്ത് റഡ്ഡി പറഞ്ഞു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ബി.ആർ.എസ് വോട്ടർമാരെ പണവും മദ്യവും ഉപയോഗിച്ച് ആകർഷിക്കില്ലെന്ന് സത്യം ചെയ്യാൻ രേവന്ത് റെഡ്ഡി കെ.സി.ആറിനെ വെല്ലുവിളിക്കുകയും ചെയ്തു. കോൺഗ്രസ് വിജയിക്കുമെന്ന സർവേ ചൂണ്ടിക്കാണിച്ച് കെ.സി.ആർ വിരമിച്ച് വീട്ടിൽ വിശ്രമിക്കണം എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തന്റെ പാർട്ടി അധികാരത്തിൽ തിരിച്ചെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചാണ് മുഖ്യമന്ത്രി കെ.സി.ആർ പ്രകടനപത്രിക പുറത്തിറക്കിയത്. പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ സർക്കാർ രൂപീകരിച്ച് ആറേഴു മാസത്തിനുള്ളിൽ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.