അദാനിയിലൂടെ മോദിയെ ലക്ഷ്യമിട്ട് കോൺഗ്രസ്; യു.എസ് കോടതി കുറ്റപത്രത്തിൽ മറുപടി ആവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയം
text_fieldsന്യൂഡൽഹി: നിക്ഷേപകരെ കബളിപ്പിച്ച അദാനി ഗ്രൂപ് തലവൻ ഗൗതം അദാനിക്കെതിരായ അമേരിക്കൻ കോടതിയുടെ കുറ്റപത്രം സംബന്ധിച്ച് പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് കോൺഗ്രസ്. കോൺഗ്രസ് എം.പിമാരായ ഡീൻ കുര്യാക്കോസും മാണിക്കം ടാഗോറും ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
അദാനി വിഷയത്തിലുള്ള മോദി സർക്കാറിന്റെ മൗനം ഇന്ത്യയുടെ അഖണ്ഡതയെയും സമ്പദ്വ്യവസ്ഥയെയും ആഗോള പ്രശസ്തിയെയും തകർക്കുന്നു. ഉത്തരവാദിത്തം സർക്കാർ ഉറപ്പാക്കണം. അദാനിയുമായും അദാനിയുടെ അഴിമതിയുമായുള്ള സൗഹൃദത്തെ കുറിച്ച് ഉയരുന്ന ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി ഉത്തരം പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായ ഗൗതം അദാനിയും സംഘവും ഭരണസ്വാധീനം ഉപയോഗിച്ച് നടത്തിയ പുതിയൊരു തട്ടിപ്പിന്റെ കഥയാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഇന്ത്യയിൽ സൗരോർജ കരാറുകൾ ലഭിക്കാൻ വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്ക് വൻതുക കൈക്കൂലി നൽകിയതിനും ഇക്കാര്യം മറച്ചുവെച്ച് അമേരിക്കൻ നിക്ഷേപകരെ കബളിപ്പിച്ചതിനും അദാനി ഗ്രൂപ് തലവൻ ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കുമെതിരെയാണ് ന്യൂയോർക് കോടതി കുറ്റം ചുമത്തിയത്.
അദാനി ഗ്രീൻ എനർജി കമ്പനി ഉൽപാദിപ്പിച്ച സൗരോർജം ഉയർന്ന വിലക്ക് വാങ്ങാനായി അദാനി ഗ്രൂപ് ആന്ധ്ര, ഒഡിഷ, ജമ്മു-കശ്മീർ, തമിഴ്നാട്, ഛത്തിസ്ഗഢ് എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ഏതാണ്ട് 2098 കോടി രൂപ കൈക്കൂലി നൽകിയെന്നതാണ് കേസ്. ഇങ്ങനെയൊരു ട്രാക്ക് റെക്കോഡുള്ള കമ്പനി, രാജ്യത്ത് നിക്ഷേപ സമാഹരണം നടത്തുന്നത് കുറ്റകരമാണ്. അമേരിക്കൻ ഫെഡറൽ നിയമത്തിലെ ഈ പഴുതുപയോഗിച്ചാണ് അദാനിക്കും അനന്തരവനുമെതിരെ കുറ്റം ചുമത്തിയത്.
അമേരിക്കയിലെ അഴിമതി വിരുദ്ധ നിയമപ്രകാരം, സ്വകാര്യ കമ്പനികൾ കച്ചവട താൽപര്യങ്ങൾ മുൻനിർത്തി വിദേശ സർക്കാർ പ്രതിനിധികൾക്ക് കൈക്കൂലി നൽകുന്നത് കുറ്റകരമാണ്. ഇത്തരം ‘ലോബിയിങ്’ പ്രവർത്തനങ്ങൾ മറച്ചുവെച്ച്, നിക്ഷേപസമാഹരണവും പാടില്ല. ഇത് രണ്ടും തെളിവുസഹിതം ന്യൂയോർക് കോടതി പിടികൂടിയതോടെയാണ് അദാനിക്ക് കുരുക്ക് മുറുകിയത്. രണ്ടു വർഷത്തിനിടെ, അദാനിത്തട്ടിപ്പുകളുടെ മൂന്നാമത്തെ വെളിപ്പെടുത്തലാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
അദാനിയും കൂട്ടരും രൂപപ്പെടുത്തിയ ‘കൃത്രിമ ഓഹരി’കളെ സംബന്ധിച്ചും ‘അക്കൗണ്ടിങ് വഞ്ചന’യെക്കുറിച്ചുമായിരുന്നു 2023 ജനുവരിയിൽ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ, ഓഹരി വിപണിയിൽത്തന്നെ പ്രവർത്തിക്കുന്ന ഹിൻഡൻബർഗിന്റെ വിശ്വാസ്യത ചൂണ്ടിക്കാട്ടി കേവലമൊരു ആരോപണമെന്ന് വാദിച്ച് പ്രതിരോധം തീർക്കാൻ അന്ന് അദാനിക്കും അദ്ദേഹത്തെ പിന്തുണച്ച കേന്ദ്ര സർക്കാറിനും ഒരുപരിധിവരെ കഴിഞ്ഞു.
ഏതാണ്ട് ആറുമാസം കഴിഞ്ഞപ്പോൾ, രാജ്യാന്തര അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട് (ഒ.സി.സി.ആർ.പി) മറ്റൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തി. അദാനിയുടെ കുടുംബവുമായി ബന്ധമുള്ളവർ ആഫ്രിക്കൻ രാജ്യമായ മൗറീഷ്യസിൽ കടലാസ് കമ്പനികൾ സ്ഥാപിച്ച് ലിസ്റ്റഡ് കമ്പനി ഓഹരികളിൽ കോടിക്കണക്കിന് ഡോളർ രഹസ്യനിക്ഷേപം നടത്തിയതിന്റെ തെളിവുകളാണ് അവർ പുറത്തുവിട്ടത്. ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുടെ വ്യവസായ പങ്കാളികളും സുഹൃത്തുക്കളുമൊത്തുചേർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരിമൂല്യത്തിൽ തട്ടിപ്പിലൂടെ വർധനയുണ്ടാക്കിയതെങ്ങനെയെന്ന് വ്യക്തമാക്കുന്നതായിരുന്നു കണ്ടെത്തൽ.
ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന്റെ ആസ്തിമൂല്യം കൃത്രിമമായി പെരുപ്പിച്ചുകാട്ടാനും ഇന്ത്യയിലെ ചട്ടങ്ങൾ മറികടക്കാനും അതുവഴി കള്ളപ്പണം വെളുപ്പിക്കാനുമൊക്കെയുള്ള അദാനി ഗ്രൂപ്പിന്റെ ഗൂഢനീക്കങ്ങളാണ് റിപ്പോർട്ടിലൂടെ പുറത്തുവന്നത്. 2014ൽ, മോദി അധികാരത്തിൽ വരുമ്പോൾ അര ലക്ഷം കോടിയായിരുന്നു അദാനി ഗ്രൂപ്പിന്റെ ആസ്തിമൂല്യം; അതിപ്പോൾ 11 ലക്ഷം കോടി കവിഞ്ഞിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.