'ഛത്തിസ്ഗഢ് വാക്സിൻ' ഫലം കാണുന്നു; അസം കോൺഗ്രസിൽ പുത്തനുണർവ്
text_fieldsഗുവാഹതി: അസം രാഷ്ട്രീയത്തിലെ അതികായനായിരുന്ന മുൻ മുഖ്യമന്ത്രി തരുൺ െഗാഗോയിയുടെ വിയോഗവും മുൻനിര നേതാക്കളുടെ കാലുമാറ്റവും മൂലം അനാഥമാക്കപ്പെട്ട നിലയിലായിരുന്നു സംസ്ഥാനത്തെ കോൺഗ്രസ് ഘടകം. എന്നാൽ, ഇന്ന് സ്ഥിതിയാകെ മാറി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഏറ്റവും ചിട്ടയായി പ്രവർത്തിക്കുന്നത് എവിടെയെന്ന് ചോദിച്ചാൽ അസം എന്നാണുത്തരം.
ഇതിന് കടപ്പെട്ടിരിക്കുന്നത് ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിനോടാണ്. ബി.ജെ.പി ഭരണത്തിന് അറുതിവരുത്തുന്നതിൽ കുറഞ്ഞ ഒരു ഫലംകൊണ്ടും തൃപ്തിപ്പെടരുതെന്നാണ് ഒരു മാസം മുമ്പ് എ.ഐ.സി.സി നിരീക്ഷകനായി അസമിലെത്തിയ ഉടനെ ബാഘേൽ അവിടത്തെ പ്രവർത്തകരെ ഉദ്ബോധിപ്പിച്ചത്. 2018ൽ രാഷ്ട്രീയ-മാധ്യമ ജ്യോതിഷികളുടെ കണക്കുകൂട്ടലുകൾ അട്ടിമറിച്ച് ഛത്തിസ്ഗഢിൽ കോൺഗ്രസിനെ അധികാരത്തിലേറ്റിയ അതേ തന്ത്രങ്ങൾ അസമിലും പുനരാവിഷ്കരിക്കാനുള്ള ശ്രമങ്ങളായി പിന്നെ.
ഛത്തിസ്ഗഢിൽ പ്രചാരണക്രമീകരണങ്ങൾക്ക് ചുക്കാൻപിടിച്ച 15 വിദഗ്ധരെ എത്തിച്ച് എങ്ങനെ വോട്ടുപിടിക്കണമെന്ന് സംസ്ഥാനമൊട്ടുക്ക് പ്രവർത്തകർക്ക് പരിശീലനം നൽകി. 126 നിയമസഭ മണ്ഡലങ്ങളുള്ള അസമിൽ നൂറിലേറെ ഇടങ്ങളിൽ പരിശീലനം പൂർത്തിയായി. ബാഘേൽ നേരിട്ടാണ് ഇവ വിലയിരുത്തുന്നത്. നേതാക്കൾ പലരും കൊഴിഞ്ഞുപോയെങ്കിലും പ്രവർത്തകർക്ക് എണ്ണക്കുറവില്ല അസമിൽ. അവരെ ഒരുമിച്ചുചേർക്കുകയും തെരഞ്ഞെടുപ്പിനെ നേരിടാൻ പ്രചോദിപ്പിക്കുകയും മാത്രം മതിയെന്നാണ് ഭൂപേഷ് ബാഘേലിെൻറ ഉപദേഷ്ടാവും മുൻ ബി.ബി.സി മാധ്യമപ്രവർത്തകനുമായ വിനോദ് വർമയുടെ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.