നാഗാലാൻഡ് സംഭവത്തിൽ കള്ളം പറഞ്ഞ അമിത് ഷാ രാജിവെക്കണമെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: നാഗാലാൻഡിൽ 14 നിരപരാധികളെ കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യത്തോടും പാർലമെൻറിനോടും കള്ളം പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് കോൺഗ്രസ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതവും പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ വീതവും നഷ്ട പരിഹാരം നൽകണമെന്നും വാർത്തസമ്മേളനത്തിൽ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. നാഗാലാൻഡ് കൂട്ടക്കൊല ഗുവാഹതി ഹൈകോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷിക്കണമെന്ന ആവശ്യവും കോൺഗ്രസ് ഉന്നയിച്ചു.
ഡിസംബർ നാലിന് ദാരുണസംഭവം അറിഞ്ഞിട്ടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്താനും കൊല്ലപ്പെട്ട മനുഷ്യർക്ക് അനുശോചനം രേഖപ്പെടുത്താനും നാഗാലാൻഡിൽ വന്നില്ലെന്ന് വടക്കു കിഴക്കൻ മേഖലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് അജോയ് കുമാർ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. രാജ്യത്തിെൻറ അതിർത്തിയിൽ ഇത്ര വലിയ സംഭവം നടന്നിടത്തേക്ക് പോകാതെ അമിത് ഷാ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാറിനെ അസ്ഥിരപ്പെടുത്താനാണ് പോയത്. അതിനുശേഷം പാർലമെൻറിൽ വന്ന് അമിത് ഷാ കള്ളം പറയുകയും ചെയ്തു.
കേന്ദ്രം എസ്.ഐ.ടി അന്വേഷണം നടത്തുമെന്ന് അമിത് ഷാ പറഞ്ഞതും കളവായിരുന്നു. നാഗാലാൻഡ് സർക്കാറിന് കീഴിലാണ് ഇപ്പോൾ എസ്.ഐ.ടിയുടെ അന്വേഷണം. കൽക്കരി ഖനിയിലെ തൊഴിലാളികളായ ബാലന്മാരെ വെടിവെച്ചുകൊന്നത് സൈനികർ കൈ കാണിച്ചപ്പോൾ നിർത്താതെ പോയതുകൊണ്ടാണെന്ന അമിത് ഷായുടെ വാദം അജോയ് കുമാർ തള്ളി. വെടിവെപ്പിൽ ആരൊക്കെയോ കൊല്ലപ്പെട്ടതറിഞ്ഞ് ജനങ്ങൾ ചെല്ലുമ്പോൾ ഒരു സൈനിക വാഹനത്തിൽ താർപ്പായ കൊണ്ടു മറച്ചനിലയിൽ കൽക്കരി ഖനിയിൽ തൊഴിലാളികളായ ആറ് ബാലന്മാരുടെ മൃതശരീരങ്ങളാണ് കണ്ടത്. ഇത് കണ്ട് ക്ഷുഭിതരായ ഗ്രാമീണരും സൈന്യവും തമ്മിലുണ്ടായ തർക്കം കൈയാങ്കളിയിലും ഏറ്റുമുട്ടലിലും കലാശിച്ചു. രണ്ട് സെനിക വാഹനങ്ങൾക്ക് ഗ്രാമീണർ തീവെച്ചു. തുടർന്ന് സൈന്യം നടത്തിയ വെടിവെപ്പിൽ ആറ് ഗ്രാമീണരും ഒരു സൈനികനും കൊല്ലപ്പെട്ടു. പിറ്റേന്ന് ബന്ദ് പ്രഖ്യാപിച്ച് വിദ്യാർഥി യൂനിയൻ നേതാക്കൾ ഉന്നത ഉദ്യോഗസ്ഥരെ കാണാൻ പോയപ്പോൾ അവിടെയും വെടിവെപ്പു നടന്ന് ഒരാൾ കൊല്ലപ്പെട്ടു. ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിൽ കേരളത്തിൽനിന്ന് ആന്റോ ആൻറണികൂടി അംഗമായ വസ്തുതാന്വേഷണ സംഘത്തെ സോണിയ ഗാന്ധി ഉടൻ നാഗാലാൻഡിലേക്ക് അയച്ചെങ്കിലും ജോർഹാട്ട് വിമാനത്താവളത്തിൽ തടയുകയായിരുന്നുവെന്നും അജോയ് കുമാർ പറഞ്ഞു.
കള്ളം പറയാൻ ആഭ്യന്തര മന്ത്രിക്ക് നാണമില്ലെന്നും കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി. നാഗാലാൻഡ് ബെഞ്ച് ഗുവാഹതി ഹൈകോടതിക്ക് കീഴിൽ വരുന്നതുകൊണ്ടാണ് ഗുവാഹതി ഹൈകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് അജോയ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.