ഹാമിദ് അൻസാരിക്കെതിരായ മോദിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ്
text_fieldsന്യൂഡൽഹി: മുൻ രാജ്യസഭ അധ്യക്ഷൻ ഹാമിദ് അൻസാരിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ്. മോദിയുടെ പ്രസ്താവന എല്ലാ പാർലമെന്ററി തത്ത്വങ്ങളുടെയും ലംഘനമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു. 2014ൽ ബി.ജെ.പി അധികാരത്തിൽ വന്നപ്പോൾ അന്നത്തെ രാജ്യസഭ അധ്യക്ഷൻ അൻസാരിക്ക് ചായ്വ് പ്രതിപക്ഷത്തോടായിരുന്നു എന്നാണ് ജൂലൈ രണ്ടിന് രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ മറുപടി വേളയിൽ മോദി പറഞ്ഞത്. ആരുടെയും പേരുപറയാതെയായിരുന്നു മോദിയുടെ വിമർശനം. ഇത് ഒരുതരത്തിലും സ്വീകാര്യമല്ലെന്നും അടിയന്തരമായി രേഖകളിൽനിന്ന് നീക്കണമെന്നും ജയ്റാം രമേശ് ‘എക്സി’ൽ കുറിച്ചു.
മോദി ആദ്യമായല്ല അൻസാരിയെ ലക്ഷ്യമിടുന്നത്. ഉപരാഷ്ട്രപതിയായിരുന്ന അൻസാരിയുടെ വിരമിക്കൽ വേളയിലും മോദി അൻസാരിയെ ‘കൊള്ളിച്ച്’ സംസാരിച്ചിട്ടുണ്ട്. ഇസ്ലാമിക രാജ്യങ്ങളിൽ നയതന്ത്രജ്ഞനായിരുന്ന അൻസാരിയെന്ന രീതിയിലായിരുന്നു അന്ന് മോദിയുടെ പ്രസംഗം. ഇത് ആസ്ട്രേലിയയിലും യു.എന്നിലും ഇന്ത്യയെ പ്രതിനിധീകരിച്ച അൻസാരിയുടെ സേവനങ്ങളെ കുറച്ചുകാണുന്ന രീതിയിലുള്ളതായിരുന്നുവെന്ന് ജയ്റാം രമേശ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.