ലക്ഷ്യം 2024ലെ തെരഞ്ഞെടുപ്പ്: മൂന്നു സമിതികൾ പ്രഖ്യാപിച്ച് കോൺഗ്രസ് തിരുത്തൽ
text_fieldsന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ രാഷ്ട്രീയ കാര്യങ്ങളിൽ ഉപദേശിക്കാൻ രൂപവത്കരിച്ച രാഷ്ട്രീയകാര്യ സമിതിയിൽ തിരുത്തൽവാദി നേതാക്കൾക്ക് പ്രാതിനിധ്യം. സോണിയ അധ്യക്ഷയായ ഒമ്പതംഗ സമിതിയിൽ ജി-23 സംഘത്തിൽനിന്ന് ഗുലാംനബി ആസാദ്, ആനന്ദ് ശർമ എന്നിവരെയാണ് ഉൾപ്പെടുത്തിയത്. കോൺഗ്രസിന് 10 വരെ സീറ്റ് കിട്ടാവുന്ന അടുത്ത രാജ്യസഭ തെരഞ്ഞെടുപ്പിൽ ഇരുവരെയും പരിഗണിക്കാനുള്ള സാധ്യത ചർച്ചക്കും നിയമനം വഴിതുറന്നു.
ഉദയ്പൂർ നവസങ്കൽപ് ശിബിര തീരുമാനമനുസരിച്ച് 2024ലെ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കങ്ങൾക്ക് മൂന്നു സമിതികളാണ് രൂപവത്കരിച്ചത്. രാഷ്ട്രീയകാര്യ സമിതിക്കു പുറമെ, 2024-കർമസമിതി, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത ഐക്യ (ഭാരത് ജോഡോ) യാത്ര സംഘാടന സമിതി എന്നിവയാണ് ഇവ. സഖ്യചർച്ചകൾ, തെരഞ്ഞെടുപ്പ്, ധനകാര്യം എന്നിവയുടെ മേൽനോട്ടം പി. ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള കർമസമിതിക്കാണ്.
രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അംബികസോണി, ദിഗ്വിജയ്സിങ്, കെ.സി. വേണുഗോപാൽ, ജിതേന്ദ്രസിങ് എന്നിവരാണ് രാഷ്ട്രീയകാര്യ സമിതിയിലെ മറ്റ് അംഗങ്ങൾ. ചിദംബരം നയിക്കുന്ന കർമസമിതിയിൽ പ്രിയങ്ക ഗാന്ധി, മുകുൾ വാസ്നിക്, ജയ്റാം രമേശ്, അജയ് മാക്കൻ, രൺദീപ്സിങ് സുർജേവാല എന്നിവർക്കൊപ്പം തെരഞ്ഞെടുപ്പുകാര്യ വിദഗ്ധനായ സുനിൽ കനുഗൊലുവിനെ ഉൾപ്പെടുത്തിയത് ശ്രദ്ധേയമായി. സംഘടന, മാധ്യമ വിഭാഗം, നവസങ്കൽപ് ശിബരത്തിൽ ആറു സമിതികൾ നൽകിയ റിപ്പോർട്ടിന്റെ തുടർ നടപടികൾ എന്നിവയും ഈ സമിതിക്കു കീഴിലാണ്.
അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കത്തിൽ ഏറ്റവും സുപ്രധാനമായി കോൺഗ്രസ് കാണുന്ന ഒന്നാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത യാത്ര. മിക്ക സംസ്ഥാനങ്ങളെയും സ്പർശിച്ച് കടന്നുപോകണമെന്ന് ഉദ്ദേശിക്കുന്ന 3500 കിലോമീറ്റർ യാത്ര ഗാന്ധി ജയന്തിദിനത്തിൽ തുടങ്ങി അഞ്ചു മാസംകൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശം. രാജീവ് ഗാന്ധി മുമ്പു നടത്തിയതിനു സമാനമായ യാത്രയിലൂടെ ജനബന്ധത്തിനൊപ്പം സഖ്യകക്ഷി ബന്ധങ്ങളും വളർത്തിയെടുക്കാനും രാഹുലിനെ നേതൃനിരയിലേക്ക് ശക്തമായി ഉയർത്തിക്കാട്ടാനുമാണ് കോൺഗ്രസ് ഒരുങ്ങുന്നത്.
ദിഗ്വിജയ്സിങ്, ശശി തരൂർ, സചിൻ പൈലറ്റ്, രവ്നീത് സിങ് ബിട്ടു, കെ.ജെ. ജോർജ്, ജ്യോതിമണി, പ്രദ്യുത് ബോർദൊലോയ്, ജിതു പത്വാരി, സലിം അഹ്മദ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. കർമസമിതി അംഗങ്ങൾ, പോഷക സംഘടന തലവന്മാർ എന്നിവർ എക്സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.