വെൻറിലേറ്ററുകൾ ഉപയോഗശൂന്യമെന്ന് സംസ്ഥാനങ്ങൾ; പി.എം കെയറിൽ മോദി സർക്കാർ അഴിമതി നടത്തുന്നെന്ന് കോൺഗ്രസ്
text_fieldsഔറംഗാബാദ്: പി.എം കെയറിൽ നിന്ന് അനുവദിച്ച വെൻറിലേറ്ററുകളെല്ലാം ഉപയോഗശൂന്യമാണെന്ന് മൂന്ന് സംസ്ഥാനങ്ങൾ വെളിപ്പെടുത്തിയതിന് പിന്നാലെ, കോവിഡിലും മോദി സർക്കാർ അഴിമതി നടത്തുകയാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്.
പി.എം കെയറിൽ നിന്ന് ലഭിച്ച വെൻറിലേറ്ററുകൾ ഉപയോഗശൂന്യമാണെന്ന് പഞ്ചാബും രാജസ്ഥാനും വെളിപ്പെടുത്തിയതിന് പിന്നാലെ മഹാരാഷ്ട്രയും സമാന ആരോപണം ഉന്നയിച്ചു. ഇതിന് പിന്നാലെയാണ് മോദി സർക്കാറിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയത്. മുതിർന്ന കോൺഗ്രസ് നേതാവ് സച്ചിൻ സാവന്ത് തകരാറിലായ വെൻറിലേറ്ററുകളുടെ കണക്കുകളും പുറത്തുവിട്ടു.
കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയും ആശുപത്രികളിൽ അവശ്യത്തിനുള്ള വെൻറിലേറ്ററുകൾ ഇല്ലാത്തതിനെ തുടർന്നാണ് പി.എം കെയർ ഫണ്ടിൽ നിന്ന് വെൻറിലേറ്ററുകൾ അനുവദിച്ചത്. ഇതിനായി രണ്ടായിരം കോടി രൂപ സർക്കാർ പി.എം കെയർ ഫണ്ടിൽ നിന്ന് അനുവദിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഇത്തരത്തിൽ ലഭിച്ച വെൻറിലേറ്ററുകൾ സ്ഥലം മുടക്കിയാണെന്നതല്ലാതെ രോഗികളുടെ ജീവൻ രക്ഷിക്കാനുപയോഗിക്കാനാകില്ലെന്നാണ് ഔറംഗാബാദ് മെഡിക്കൽ കോളജിലെഡോക്ടർമാർ പറയുന്നത്.
കമ്പനിയുടെ ടെക്നീഷ്യൻമാർ വന്നിരുന്നെങ്കിലും തകരാർ പരിഹരിക്കനായില്ലെന്ന് അവർ കുറ്റപ്പെടുത്തുന്നു. വെൻറിലേറ്ററുകളിൽ തകരാർ കണ്ടെത്തിയെന്ന് സ്ഥിരീകരിക്കുന്ന ഔറംഗാബാദ് മെഡിക്കൽ കോളജധികൃതരുടെ റിപ്പോർട്ടാണ് സച്ചിൻ സാവന്ത് പുറത്തുവിട്ടത്. മനുഷ്യർ മരിച്ച് വീഴുേമ്പാഴും മോദി സർക്കാർ നടത്തുന്ന അഴിമതി മാപ്പർഹിക്കാത്ത കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
പി.എം കെയ്ഴേ്സ് ഫണ്ടിലൂടെ രാജസ്ഥാന് ലഭിച്ചത് തകരാറുള്ള വെൻറിലേറ്ററുകളാണെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഗെഹ്ലോട്ട് കേന്ദ്രസർക്കാറിന് കത്തയച്ചു. ലഭിച്ച വെൻറിലേറ്ററുകൾ രോഗികളുടെ ജീവന് ഭീഷണിയായേക്കാമെന്ന് ഡോക്ടർമാർ അറിയിച്ചതായി ഗെഹ്ലോട്ട് പറഞ്ഞു.സമാന ആരോപണം പഞ്ചാബിലെ ഗുരു ഗോബിന്ദ് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരും ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.