കോണ്‍ഗ്രസ്-സഖ്യകക്ഷി ഭരണം ഇനി അഞ്ചിടങ്ങളിൽ
text_fieldsന്യൂഡൽഹി: ഗുജറാത്തില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും ഹിമാചൽ പ്രദേശിലെ വിജയത്തോടെ കോണ്‍ഗ്രസ് തനിച്ചും സഖ്യകക്ഷികൾക്കൊപ്പവും ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം അഞ്ചായി ഉയർന്നു. രാജസ്ഥാനും ഛത്തിസ് ഗഡുമാണ് തനിച്ച് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങള്‍. ഝാര്‍ഖണ്ഡിലും ബിഹാറിലും സഖ്യത്തിന്റെ ഭാഗമായും കോണ്‍ഗ്രസ് ഭരണത്തിലുണ്ട്.
അതേസമയം, ഹിമാചൽ നഷ്ടമായതോടെ ബി.ജെ.പി തനിച്ച് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം പതിനൊന്നായി കുറഞ്ഞു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, ഉത്തരാഖണ്ഡ്, ഹരിയാന, ഗോവ, അസം, ത്രിപുര, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് അവർക്ക് തനിച്ച് ഭരണമുള്ളത്. മഹാരാഷ്ട്രയില്‍ ശിവസേന ഷിന്‍ഡെ പക്ഷത്തിനൊപ്പവും സിക്കിം, മേഘാലയ, മിസോറം, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ സഖ്യകക്ഷികൾക്കൊപ്പവും ഭരണത്തിലുണ്ട്.
ആം ആദ്മി പാര്‍ട്ടി ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങളിൽ തനിച്ച് ഭരിക്കുമ്പോൾ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഒഡിഷയില്‍ ബി.ജെ.ഡിയും തെലങ്കാനയില്‍ തെലങ്കാന രാഷ്ട്രീയ സമിതിയും (ടി.ആർ.എസ്) ആന്ധ്രപ്രദേശിൽ വൈ.എസ്.ആര്‍ കോണ്‍ഗ്രസും തമിഴ്നാട്ടില്‍ ഡി.എം.കെയും കേരളത്തില്‍ സി.പി.എം നയിക്കുന്ന എൽ.ഡിഎഫുമാണ് ഭരണത്തിലുള്ളത്.
കര്‍ണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഹരിയാന, തെലങ്കാന, ത്രിപുര, മേഘാലയ, മിസോറം, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിൽ അടുത്ത വര്‍ഷവും 2024ന്റെ തുടക്കത്തിലുമായി തെരഞ്ഞെടുപ്പ് നടക്കും. മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.