താൻ ഗാന്ധി കുടുംബത്തിന്റെ വേലക്കാരനല്ലെന്ന് ബി.ജെ.പിക്ക് മറുപടിയുമായി കിഷോരി ലാൽ ശർമ
text_fieldsന്യൂഡൽഹി: ഉത്തർ പ്രദേശിലെ അമേത്തിയിലെ കോൺഗ്രസ് സ്ഥാനാർഥി കിഷോരി ലാൽ ശർമയെ രൂക്ഷമായി പരിഹസിച്ച് ബി.ജെ.പി രംഗത്തുവന്നിരുന്നു. അമേത്തിയിൽ സ്മൃതി ഇറാനിക്കെതിരെ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹമാണ് കിഷോരി ലാലിന്റെ സ്ഥാനാർഥിത്വത്തോടെ കോൺഗ്രസ് പൊളിച്ചെഴുതിയത്. താൻ പരിചയ സമ്പന്നനായ രാഷ്ട്രീയക്കാരനാണെന്നും ഗാന്ധി കുടുംബത്തിന്റെ വേലക്കാരനല്ലെന്നുമാണ് കിഷോരി ലാൽ ബി.ജെ.പിക്ക് മറുപടി നൽകിയത്. കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന അമേത്തിയിൽ ഇക്കുറി സ്മൃതി ഇറാനിയെ പരാജയപ്പെടുത്താൻ സാധിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. താൻ കോൺഗ്രസിന്റെ ശമ്പളം പിൻപറ്റുന്ന ആളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
''യൂത്ത്കോൺഗ്രസുമായുള്ള ബന്ധം നിമിത്തമാണ് 1983ൽ അമേത്തിയിലെത്താൻ സാധിച്ചത്. പാർട്ടി ഹൈക്കമാൻഡാണ് ഇപ്പോൾ അമേത്തിയിൽ തന്നെ സ്ഥാനാർഥിയാക്കിയത്. ഈ സീറ്റിലേക്ക് ആരെയും കണ്ടെത്തിയിരുന്നില്ല. സ്മൃതി ഇറാനിയെ തീർച്ചയായും പരാജയപ്പെടുത്താൻ സാധിക്കും. വർഷങ്ങളായി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന ഒരാളാണ് ഞാൻ. കറയറ്റ രാഷ്ട്രീയക്കാരൻ.''-കിഷോരി ലാൽ പറഞ്ഞു. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനെന്നാണ് കിഷോരി ലാൽ അറിയപ്പെടുന്നത്.
2019 വരെ കോൺഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്നു അമേത്തി. 2019ൽ 55000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയത്. അമേത്തിയിൽ പരാജയപ്പെടുമെന്ന് മുൻകൂട്ടി കണ്ട് രാഹുൽ ഒളിച്ചോടിയതാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശം. രാഹുൽ ഗാന്ധി വയനാടിനു പുറമെ റായ്ബറേലിയിലാണ് ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.