ഹരിയാനയിലെ തോൽവി കോൺഗ്രസ് വിശകലനം ചെയ്യുന്നു; ബൂത്ത് തിരിച്ചുള്ള റിപ്പോർട്ട് തേടിയെന്ന് മല്ലികാർജുൻ ഖാർഗെ
text_fieldsന്യൂഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പാർട്ടി വിശകലനം ചെയ്തുവരികയാണെന്നും തോൽവിയിലേക്ക് നയിച്ചത് എന്താണെന്ന് നിർണയിക്കാൻ ബൂത്ത് തിരിച്ചുള്ള റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ മനസ്സിൽ വെച്ചുകൊണ്ട് ഹരിയാനയിലെ തോൽവിയിലേക്ക് നയിച്ചത് എന്താണെന്ന് കണ്ടെത്താൻ തന്റെ പാർട്ടി പ്രത്യേക ശ്രദ്ധ ചെലുത്തുന്നുവെന്ന് പറഞ്ഞ ഖാർഗെ എന്നാൽ, ഈ ഫലം നടക്കാൻ പോവുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താനുള്ള സാധ്യത തള്ളിക്കളഞ്ഞു.
‘ഞങ്ങൾ വിശകലനം നടത്തിവരികയാണ്. രാഹുൽ ഗാന്ധിയും മറ്റ് നേതാക്കളുമായി രണ്ട് ദിവസം മുമ്പ് യോഗം ചേർന്നു. ഞങ്ങൾക്ക് ബൂത്ത് തിരിച്ചുള്ള റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്. പ്രവർത്തകരുടെ ഭാഗത്തുനിന്ന് തെറ്റ് എത്രയുണ്ട്, എന്താണ് നേതാക്കളുടെ പങ്ക്, യഥാർഥത്തിൽ സംഭവിച്ചത് എന്താണ് തുടങ്ങി ബൂത്ത് തിരിച്ചുള്ള എല്ലാ കാര്യങ്ങളിലും റിപ്പോർട്ട് ലഭിക്കുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ വിശകലനം ചെയ്ത് തുടർ നടപടി തീരുമാനിക്കും’- ഖാർഗെ പറഞ്ഞു.
ഹരിയാനയിൽ കോൺഗ്രസ് വിജയിക്കുമെന്ന് രാജ്യം മുഴുവൻ അഭിപ്രായപ്പെട്ടതിനാൽ പാർട്ടി ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതായും കോൺഗ്രസ് നേതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വരാനിരിക്കുന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ഹരിയാന ഫലം സ്വാധീനം ചെലുത്തുമോ എന്ന ചോദ്യത്തിന്, ഒരു തെരഞ്ഞെടുപ്പ് ഫലം മറ്റൊരു സംസ്ഥാനത്തെ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. എന്നാൽ ആളുകൾ ഞങ്ങൾക്ക് അനുകൂലമായിട്ടും എന്തുകൊണ്ടാണ് ഫലം ഇങ്ങനെയായത് എന്നതാണ് ചോദ്യമെന്ന് കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു. ‘അഭിപ്രായം 50:50 ആണെങ്കിൽ ഒരു പകുതി ഫലം ഞങ്ങൾക്ക് അനുകൂലമാകുമെന്നും മറ്റേ പകുതി മറിച്ചാണെന്നും മനസ്സിലാക്കാം. പക്ഷേ മാധ്യമങ്ങളും ചാനലുകളും അച്ചടി മാധ്യമങ്ങളും നേതാക്കളും പൊതുജനാഭിപ്രായവും ഉൾപ്പെടെ രാജ്യം മുഴുവൻ ഞങ്ങൾക്ക് അനുകൂലമായിട്ടും പിന്നെ എന്താണ് ഈ ഫലത്തിന് പിന്നിലെ കാരണം? ഞങ്ങൾ അത് കണ്ടെത്തും -അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ എന്തെങ്കിലും സംശയമുണ്ടോയെന്ന ചോദ്യത്തിന് അതിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും ബൂത്ത് തിരിച്ചുള്ള റിപ്പോർട്ട് വിശകലനം ചെയ്ത ശേഷം പ്രതികരിക്കാമെന്നും ഖാർഗെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.