പ്രതിപക്ഷമാണെന്നത് മറന്ന് മുർമുവിന് വോട്ടുചെയ്ത് കോൺഗ്രസ്, എൻ.സി.പി എം.എൽ.എമാർ
text_fieldsന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പാർട്ടി നിർദേശം മറികടന്ന് നിരവധി പേർ എൻ.ഡി.എ സ്ഥാനാർഥി ദ്രൗപദി മുർമുവിന് വോട്ടുചെയ്തു. ഝാർഖണ്ഡ്, ഗുജറാത്ത് എന്നിവിടങ്ങളിലെ എൻ.സി.പി എം.എൽ.എമാരും ഹരിയാന, ഒഡിഷ എന്നിവിടങ്ങളിലെ ചില കോൺഗ്രസ് എം.എൽ.എമാരും മുന്നണി മാറി വോട്ടു രേഖപ്പെടുത്തി. അസമിൽ 20ഓളം കോൺഗ്രസ് എം.എൽ.എമാർ മുർമുവിന് വോട്ടുചെയ്തുവെന്ന് ഐ.യു.ഡി.എഫ് എം.എൽ.എ കരീമുദ്ദീൻ ബർഭുയാൻ ആരോപിച്ചു.
തന്റെ സഹോദരൻ മുലായം സിങ്ങിനെ മുമ്പ് ഐ.എസ്.ഐ ഏജന്റ് എന്നു വിളിച്ച യശ്വന്ത് സിൻഹയെ ഒരിക്കലും പിന്തുണക്കില്ലെന്ന് ശിവ്പാൽ സിങ് യാദവ് ലഖ്നോവിൽ പറഞ്ഞു. കഴിഞ്ഞ മാസം ഹരിയാനയിൽ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ മുന്നണി മാറി വോട്ടുചെയ്ത കോൺഗ്രസ് എം.എൽ.എ ദുൽദീപ് ബിഷ്ണോയ് ഇത്തവണ താൻ മനസ്സാക്ഷിക്കനുസരിച്ചാണ് വോട്ടുരേഖപ്പെടുത്തിയതെന്ന് അറിയിച്ചു. ഇയാൾ മുർമുവിനാണ് വോട്ടുചെയ്തതെന്ന് സൂചനയുണ്ട്. ഝാർഖണ്ഡിൽ എൻ.സി.പി എം.എൽ.എ കമലേഷ് സിങ്, മുർമുവിനാണ് താൻ വോട്ടു ചെയ്തതെന്ന് പരസ്യമായി പ്രഖ്യാപിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പാർട്ടികൾക്ക് അവരുടെ എം.പിമാർക്കും എം.എൽ.എമാർക്കും വിപ്പ് നൽകാനാവില്ല.
എൻ.ഡി.എ സ്ഥാനാർഥി ദ്രൗപദി മുർമുവിനാണ് ഒഡിഷയിലെ കോൺഗ്രസ് എം.എൽ.എ മുഹമ്മദ് മുഖിം വോട്ടുചെയ്തത്. മുർമു 'ഒഡിഷയുടെ പുത്രി'യായതിനാലാണ് മനഃസാക്ഷിക്കനുസരിച്ച് വോട്ടുനൽകിയതെന്ന് അദ്ദേഹം പറഞ്ഞു. മുഹമ്മദ് മുഖിം ഉൾപ്പെടെയുള്ള പാർട്ടി എം.എൽ.എമാർ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർഥി യശ്വന്ത് സിൻഹക്ക് വോട്ടുചെയ്യുമെന്ന് ഉറപ്പുനൽകിയതാണെന്ന് കോൺഗ്രസ് നിയമസഭ കക്ഷി നേതാവ് നരസിംഗ മിശ്ര പറഞ്ഞു. മുഖിമിന്റെ നടപടിക്കെതിരെ പാർട്ടിയിൽ വിമർശനം ഉയർന്നിട്ടുണ്ട്.
മുർമുവിനാണ് വോട്ടുചെയ്തതെന്ന് ഗുജറാത്തിലെ എൻ.സി.പി എം.എൽ.എ കൻധൽ ജദേജയും പറഞ്ഞു. വിഡിയോ സന്ദേശം വഴിയാണ് താൻ വോട്ടുചെയ്തത് മുർമുവിനാണെന്ന് ജദേജ അറിയിച്ചത്. എൻ.സി.പിയുടെ ഗുജറാത്തിലെ ഏക എം.എൽ.എയാണ് ജദേജ. 2017ലെയും 2020ലെയും ഗുജറാത്തിൽനിന്നുള്ള രാജ്യസഭ തെരഞ്ഞെടുപ്പുകളിലും ജദേജ ബി.ജെ.പി സ്ഥാനാർഥികൾക്കായിരുന്നു വോട്ടു ചെയ്തത്. ഈ വിഷയത്തിൽ 2020ൽ ഇദ്ദേഹത്തിന് എൻ.സി.പി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.