വലിയ ഒറ്റക്കക്ഷി വാദവുമായി കോൺഗ്രസും ആർ.ജെ.ഡിയും
text_fieldsന്യൂഡൽഹി: ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന ന്യായത്തിൽ കേവല ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിയെ കർണാടകയിൽ സർക്കാറുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചതോടെ ഇതേ ആവശ്യവുമായി മറ്റ് നാല് സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. ഗോവയിലും മണിപ്പൂരിലും മേഘാലയയിലും കോൺഗ്രസും ബിഹാറിൽ ആർ.ജെ.ഡിയുമാണ് തങ്ങളെയും സർക്കാറുണ്ടാക്കാൻ ക്ഷണിക്കണമെന്ന് സംസ്ഥാന ഗവർണർമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അവസാനം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസും ആർ.ജെ.ഡിയും അതാത് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷികളായിരുന്നു. ഗോവയിൽ 2017ൽ നടന്ന തെരഞ്ഞെടുപ്പിലാണ് 40 അംഗ സഭയിൽ 17 സീറ്റ് നേടി കോൺഗ്രസ് വലിയ ഒറ്റക്കക്ഷിയായത്. എന്നാൽ, തെരഞ്ഞെടുപ്പിനുശേഷമുണ്ടാക്കിയ സഖ്യത്തിലൂടെ ബി.ജെ.പിയാണ് അധികാരത്തിലേറിയത്. 2015ലെ ബിഹാർ തെരഞ്ഞെടുപ്പിൽ 243 അംഗസഭയിൽ 80 സീറ്റ് നേടിയ ആർ.ജെ.ഡിയായിരുന്നു വലിയ കക്ഷി. എന്നാൽ, അവർക്കും പ്രതിപക്ഷത്തിരിക്കേണ്ടി വന്നു. ജനതാദൾ യുനൈറ്റഡ്-ബി.ജെ.പി സഖ്യം അധികാരത്തിലേറി.
ഗോവ ഗവർണർ മൃദുല സിൻഹയുടെ വസതിക്ക് മുന്നിൽ 17 എം.എൽ.എമാരെ അണിനിരത്തുമെന്ന് കോൺഗ്രസ് ഇൻ ചാർജ് ചെല്ല കുമാർ വാർത്ത ഏജൻസിയോട് പറഞ്ഞു. എം.എൽ.എമാർ ഒപ്പിട്ട കത്ത് ഗവർണർക്ക് കൈമാറുമെന്ന് പാർട്ടി നിയമസഭ കക്ഷി നേതാവ് ചന്ദ്രകാന്ത് കവ്ലേക്കറും അറിയിച്ചു. കർണാടക മാതൃക ഇവിടെയും സ്വീകരിക്കണമെന്നും 2017 മാർച്ച് 12ന് ഗവർണർ വരുത്തിയ തെറ്റു തിരുത്താൻ തയാറാകണമെന്നും കവലേക്കർ ആവശ്യപ്പെട്ടു. ഭൂരിപക്ഷത്തിന് 21 അംഗങ്ങളുടെ പിന്തുണ വേണമല്ലോയെന്ന ചോദ്യത്തിന് കോൺഗ്രസ് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തശേഷം സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ബിഹാർ സർക്കാറിനെ പിരിച്ചുവിടണമെന്നാണ് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ഗവർണർ സത്യപാൽ മലിക്കിനോട് ആവശ്യപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.