കോൺഗ്രസിന്റെ രോഷം ചെയർമാനോട്; രാജ്യസഭയിൽ അടിയന്തരാവസ്ഥയോ?’
text_fieldsന്യൂഡൽഹി: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ചൈനീസ് അതിർത്തി സംഘർഷം ചർച്ചചെയ്യാനുള്ള പ്രതിപക്ഷ നോട്ടീസുകളെ അതിരൂക്ഷമായി വിമർശിച്ച രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻഖർ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ ചട്ടപ്രകാരം സംസാരിക്കാൻ അനുവദിക്കാതിരിക്കുകകൂടി ചെയ്തതോടെ കോൺഗ്രസ് എം.പിമാർ ഒന്നടങ്കം അദ്ദേഹത്തിനുനേരെ തിരിഞ്ഞു.
കോൺഗ്രസ് എം.പിമാരെ പ്രതിഷേധവുമായി ഇറക്കിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ചെയർമാന്റെ അഭിപ്രായപ്രകടനങ്ങളിൽ രോഷാകുലനായി രാജ്യസഭയിൽ അടിയന്തരാവസ്ഥയാണോ എന്ന് ചോദിച്ചു. പുതിയ ചെയർമാൻ അധ്യക്ഷപദവിയിലിരിക്കേ ആദ്യമായി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങിയതിനും രാജ്യസഭ സാക്ഷ്യം വഹിച്ചു.
ഇന്നത്തെ വിഡിയോ ഒന്ന് കാണണമെന്നും കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും അതയച്ചുകൊടുക്കണമെന്നും ധൻഖർ പറഞ്ഞതോടെയാണ് കോൺഗ്രസ് എം.പിമാർ ക്ഷുഭിതരായത്. മുതിർന്ന അംഗമായ കെ.സി. വേണുഗോപാൽ ഇത്രയും ഒച്ചവെക്കുന്നതും ആക്രമണത്തിലേക്ക് പോകുന്നതുമെന്തിനാണ് എന്ന് ധൻഖർ ചോദിച്ചു.
രാജ്യമാണ് തങ്ങൾക്കെല്ലാറ്റിനും മുകളിലെന്ന് വേണുഗോപാൽ ഇതിന് മറുപടി നൽകി. കോൺഗ്രസ് എം.പിമാർ നടുത്തളത്തിലിറങ്ങിയപ്പോൾ മറ്റു പ്രതിപക്ഷ എം.പിമാർ അവർക്കു പിന്തുണയുമായി എഴുന്നേറ്റു.
സഭ നടപടികൾ നിർത്തിവെച്ചുള്ള അടിയന്തര ചർച്ചക്കായി ചട്ടം 267 പ്രകാരം 12 നോട്ടീസുകളാണ് കേരളത്തിൽനിന്നുള്ള ജെബി മേത്തർ അടക്കമുള്ള എം.പിമാർ നൽകിയത്. പ്രതിപക്ഷ എം.പിമാർ നൽകിയ നോട്ടീസ് താൻ സൂക്ഷ്മമായി പരിശോധിച്ചുവെന്നും ഒന്നുപോലും ചട്ടപ്രകാരമല്ലെന്നുമുള്ള ചെയർമാന്റെ വാദം വേണുഗോപാൽ ചോദ്യം ചെയ്തു.
ഇതേ രാജ്യസഭ സെക്രട്ടേറിയറ്റ് തന്നെയായിരുന്നു താങ്കൾ വരുന്നതിനു മുമ്പും. തങ്ങൾ ഇതുപോലെ നോട്ടീസ് നൽകിയിരുന്നതെന്നും ഇപ്പോൾ മാത്രമെന്താണ് ഒരു പുതുമയെന്നും കെ.സി വേണുഗോപാൽ ധൻഖറിനോട് ചോദിച്ചു.
ഇതിനിടെ, ഇന്ത്യൻ നാഷനൽ ലോക്ദൾ നേതാവ് ജയന്ത് ചൗധരിയെയും സി.പി.എം എം.പി ഡോ. ശിവദാസനെയും ശൂന്യവേളയിലെ വിഷയാവതരണത്തിന് വിളിച്ചപ്പോൾ അതിർത്തി വിഷയം പരമപ്രധാനമാണെന്ന് പറഞ്ഞ് പ്രതിഷേധിക്കുന്ന എം.പിമാരോട് ഇരുവരും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഇവരോട് നീരസം പ്രകടിപ്പിച്ച ജഗ്ദീപ് ധൻഖർ അംഗങ്ങൾക്ക് നിയമത്തോട് ബഹുമാനമില്ലെന്ന് കുറ്റപ്പെടുത്തിയപ്പോഴും വേണുഗേപാൽ പ്രതികരിച്ചു. സഭ ക്രമത്തിലല്ലാത്തതുകൊണ്ടാണ് അവർ സംസാരിക്കാതിരുന്നത് എന്ന് പറഞ്ഞ വേണുഗോപാലിനോട് താങ്കളാണ് ക്രമത്തിലല്ലാതാക്കിയതെന്ന് ധൻഖർ തിരിച്ചടിച്ചു.
പ്രധാനമന്ത്രി മൗനം ഭജിക്കണമെന്നും മറുപടി പറയണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങിയപ്പോൾ എല്ലാ അംഗങ്ങളും ഇരിപ്പിടത്തിലേക്ക് മടങ്ങണമെന്ന് ചെയർമാൻ ആവശ്യപ്പെട്ടു. ആദ്യം കൂപ്പുകൈകളോടെ ആവശ്യപ്പെട്ട ചെയർമാൻ നടപടിയെടുക്കുമെന്നും പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പും നൽകി.
നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും വഴങ്ങാതിരുന്ന പ്രതിപക്ഷ എം.പിമാർ മല്ലികാർജുൻ ഖാർഗെയെ സംസാരിക്കാൻ അനുവദിച്ചതോടെയാണ് ഇരിപ്പിടത്തിലേക്ക് മടങ്ങിയത്. തുടർന്ന് സംസാരിച്ച ഖാർഗെ റൂൾബുക്ക് മാത്രമല്ല, അതിനപ്പുറത്ത് കീഴ്വഴക്കങ്ങൾ പഠിക്കാനും ചെയർമാൻ തയാറാകണമെന്ന് ആവശ്യപ്പെട്ടു.
സഭയിൽ ചർച്ചവേണമെന്ന ആവശ്യം അംഗീകരിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിക്കുകയാണെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവിന് പിന്നാലെ യു.പി.എ, ഇടത് കക്ഷികൾക്ക് പുറമെ ആപ്, തൃണമൂൽ, എസ്.പി, ജെ.ഡി.യു, ആർ.ജെ.ഡി അംഗങ്ങളുമിറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.