ഡൽഹിയിൽ ‘പ്യാരി ദീദി യോജന’ പ്രഖ്യാപിച്ച് കോൺഗ്രസ്; സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ വാഗ്ദാനം
text_fieldsന്യൂഡൽഹി: ഡൽഹിയിൽ വരുന്ന തെരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ ധനസഹായം നൽകുന്ന ‘പ്യാരി ദീദി യോജന’ പ്രഖ്യാപിച്ച് കോൺഗ്രസ്. വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ സ്ത്രീകൾക്ക് ‘മഹിളാ സമ്മാൻ യോജന’ പ്രകാരം പ്രതിമാസം 2,100 രൂപ നൽകുമെന്ന് ആപിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് കോൺഗ്രസിന്റെ വാഗ്ദാനം. സ്ത്രീകൾക്ക് ധനസഹായം പ്രഖ്യാപിക്കാൻ ബി.ജെ.യും ആലോചിക്കുന്നതായാണ് വിവരം.
ഈ പ്രതിമാസ തുകയിലൂടെ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാനാണ് തന്റെ പാർട്ടി ലക്ഷ്യമിടുന്നതെന്നും പുതിയ സർക്കാറിന്റെ ആദ്യ ക്യാബിനറ്റ് യോഗത്തിൽ ഇത് നടപ്പാക്കുമെന്നും പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു. കർണാടകയിലെ കോൺഗ്രസ് സർക്കാർ സ്വീകരിച്ച മാതൃകയിലായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ പ്യാരി ദീദി യോജന പ്രഖ്യാപിക്കാനാണ് ഞാനിവിടെ വന്നത്. ഡൽഹിയിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. പുതിയ മന്ത്രിസഭയുടെ ആദ്യ ദിവസം തന്നെ എല്ലാ സ്ത്രീകൾക്കും 2,500 രൂപ നൽകുന്ന പദ്ധതി നടപ്പിലാക്കും’- ശിവകുമാർ പറഞ്ഞു.
ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ കോൺഗ്രസ് എന്ത് വാഗ്ദാനങ്ങൾ നൽകിയാലും അത് ഞങ്ങൾ നിറവേറ്റിയിട്ടുണ്ട്. ഡൽഹിയിലും അത് നടപ്പാക്കാൻ പോകുകയാണെന്നും കർണാടക ഉപമുഖ്യമന്ത്രി പറഞ്ഞു. അധികാരത്തിൽ വന്ന് മൂന്ന് മാസത്തിനുള്ളിൽ എല്ലാ ഉറപ്പുകളും കർണാടകയിൽ തന്റെ സർക്കാർ നടപ്പാക്കിയെന്ന് ശിവകുമാർ അവകാശപ്പെട്ടു.
സംസ്ഥാനത്തുടനീളമുള്ള സ്ത്രീകൾക്ക് ബസിൽ സൗജന്യ യാത്ര, ഓരോ വീട്ടിലും 10 കിലോ അരി, തൊഴിൽരഹിതരായ യുവാക്കൾക്ക് 3,000ത്തോളം രൂപ, 200 യൂനിറ്റ് വൈദ്യുതി, കൂടാതെ 1.22 കോടി സ്ത്രീകൾക്ക് എല്ലാ മാസവും 2,000 രൂപ ലഭിക്കുന്നു‘- അദ്ദേഹം പറഞ്ഞു. ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ്, പാർട്ടിയുടെ ഡൽഹി ഇൻചാർജ് ഖാസി നിസാമുദ്ദീൻ, മറ്റ് മുതിർന്ന നേതാക്കൾ എന്നിവർ പ്രഖ്യാപന വേളയിൽ സന്നിഹിതരായിരുന്നു. ഫെബ്രുവരിയിലാണ് 70 അംഗ ഡൽഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.