മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്: 15 സീറ്റിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
text_fieldsഭോപാൽ: മധ്യപ്രദേശിൽ 27 അസംബ്ലി സീറ്റിലേക്ക് നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിനുള്ള 15 അംഗ സ്ഥാനർഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി. ദേശീയ അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ച പട്ടിക എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കാണ് പുറത്തിറക്കിയത്.
25 കോൺഗ്രസ് എം.എൽ.എമാർ രാജിവെക്കുകയും രണ്ട് എം.എൽ.എമാർ അന്തരിക്കുകയും ചെയ്തതോടെയാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടില്ല.
കമൽനാഥ് സർക്കാറിനെ താഴെ ഇറക്കാനായി മുൻ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അനുകൂലികളായ 22 എം.എൽ.എമാരാണ് മാർച്ചിൽ രാജിവെച്ചത്. സിന്ധ്യയും കൂട്ടരും മറുകണ്ടം ചാടിയതോടെ ശിവരാജ് സിങ് ചൗഹാൻ നാലാം വട്ടം മധ്യപ്രദേശ് മുഖ്യമന്ത്രിയായി.
മുതിർന്ന നേതാക്കൾക്കൊപ്പം യുവാക്കൾക്ക് കൂടി പ്രാധാന്യം നൽകുന്നതാണ് പട്ടിക. സിന്ധ്യക്ക് നിർണായക സ്വാധീനമുള്ള ഗ്വാളിയോറിലെ ഒമ്പത് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ബി.ജെ.പിയിൽ നിന്നും പാർട്ടിയിലേക്ക് വന്നവർക്കടക്കം ടിക്കറ്റ് നൽകിയിട്ടുണ്ട്.
രവീന്ദ്ര സിങ് തോമർ (ദിമാനി), സത്യപ്രകാശ് ഷെഖാവർ (അംബാ), മേവാറാം ജാദവ് (ഗോഹാദ്), സുനിൽ ശർമ (ഗ്വാളിയോർ), സുരേഷ് രാജെ (ദാബ്ര), ഫുൽ സിങ് ഭരയ്യ (ബാേന്ദർ), പ്രഗിലാൽ ജാദവ് (കരേര), കനയ്യലാൽ അഗർവാൾ (ബമോരി), വിശ്വനാഥ് സിങ് കുംജാം (അനുപുർ), മദൻലാൽ ചൗധരി (സാഞ്ചി), വിപിൻ വാംഖഡെ (അഗർ), രാജ്വീർ സിങ് (ഹത്പിപാളയ), റാം കിസാൻ പട്ടേൽ (നേപാനഗർ), ആശ ദോഹർ (അശോക് നഗർ), പ്രേംചന്ദ് ഗുഡ്ഡു (സൻവാർ) എന്നിവരാണ് സ്ഥാനാർഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.