പരിഷ്കരണം പ്രഖ്യാപിച്ച് കോൺഗ്രസ് നവസങ്കൽപ് ശിബിരം: പ്രഖ്യാപിച്ച പാർട്ടി പരിഷ്കാരങ്ങൾ ഇവയാണ്...
text_fieldsഉദയ്പുർ (രാജസ്ഥാൻ): ജനങ്ങളുമായുള്ള ബന്ധത്തിൽ വിള്ളൽവീണുവെന്ന കുറ്റസമ്മതത്തോടെ, ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ സജ്ജമാക്കാൻ വിവിധ പരിഷ്കാരങ്ങളുമായി കോൺഗ്രസ്. ബി.ജെ.പി-ആർ.എസ്.എസ് വിഭാഗീയ അജണ്ടയെ പോരാടി തോൽപിക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചപ്പോൾ, വിഷമഘട്ടം തരണം ചെയ്യുമെന്നാണ് ഉദയ്പുർ നവസങ്കൽപ് ശിബിരത്തിലെ പ്രതിജ്ഞയെന്ന് സോണിയ ഗാന്ധി വിശദീകരിച്ചു.
ഞായറാഴ്ച സമാപിച്ച മൂന്നു ദിവസത്തെ നവസങ്കൽപ് ശിബിരം പ്രഖ്യാപിച്ച പാർട്ടി പരിഷ്കാരങ്ങൾ ഇവയാണ്:
●പാർട്ടി പദവികളിൽ പകുതി 50 വയസ്സിൽ താഴെയുള്ളവർക്ക്.
●തുടർച്ചയായി അഞ്ചു വർഷത്തിൽ കൂടുതൽ ഒരു പദവിയിൽ തുടരാൻ അനുവദിക്കില്ല.
●ഒരാൾക്ക് ഒരു പദവി, തെരഞ്ഞെടുപ്പിൽ ഒരു കുടുംബത്തിന് ഒരു സ്ഥാനാർഥിത്വം. മറ്റൊരാളെ പരിഗണിക്കാൻ ചുരുങ്ങിയത് അഞ്ചു വർഷം പാർട്ടി പ്രവർത്തനം നടത്തിയിരിക്കണം.
●പൊതുകാഴ്ചപ്പാട്, തെരഞ്ഞെടുപ്പ് കാര്യം, ദേശീയതല പരിശീലനം എന്നിവക്കായി മൂന്ന് വിഭാഗങ്ങൾ. പരിശീലന കാര്യത്തിൽ കേരളത്തിലെ രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് മാതൃക.
●പാർട്ടി അധ്യക്ഷക്ക് രാഷ്ട്രീയകാര്യങ്ങളിൽ ഉപദേശം നൽകാൻ പ്രവർത്തക സമിതിയിൽനിന്ന് തെരഞ്ഞെടുത്തവരുടെ സമിതി.
സംസ്ഥാനങ്ങളിലും രാഷ്ട്രീയകാര്യ സമിതി.
●സംഘടന പരിഷ്കരണം തുടങ്ങാനും സാമ്പത്തിക, തെരഞ്ഞെടുപ്പു കാര്യങ്ങൾക്കും കർമസമിതി ദിവസങ്ങൾക്കകം.
●കന്യാകുമാരി മുതൽ കശ്മീർ വരെ ഭാരത് ജോഡോ യാത്ര; ഗാന്ധിജയന്തി ദിനത്തിൽ തുടക്കം.
●ജില്ലാതലങ്ങളിൽ ജൂൺ 15 മുതൽ രണ്ടാംഘട്ട ജനസമ്പർക്ക യാത്ര.
●75ാം സ്വാതന്ത്ര്യ വാർഷികം പ്രമാണിച്ച് ഓരോ ജില്ലയിലും 75 കിലോമീറ്റർ പദയാത്രകൾ.
●മാധ്യമ വിഭാഗം പുനഃസംഘടിപ്പിക്കും.ശിപാർശകൾ പലതും തള്ളി
ദലിത്, പിന്നാക്ക, ന്യൂനപക്ഷ, മറ്റ് പിന്നാക്ക (ഒ.ബി.സി) വിഭാഗങ്ങൾക്ക് പാർട്ടി പദവികളിൽ 50 ശതമാനം വരെ സംവരണം നൽകാനുള്ള ഉപസമിതി ശിപാർശ പ്രവർത്തക സമിതി തിരുത്തി. ന്യായമായ സംവരണം എന്നാണ് തിരുത്തൽ. പുതിയ ജാതി സെൻസസ് നടത്തണമെന്ന ശിപാർശ, ജാതി സെൻസസ് വിവരങ്ങൾ വെളിപ്പെടുത്തണമെന്നാക്കി.
പദവികൾ വഹിക്കാൻ 75 വയസ്സു വരെ പ്രായപരിധി ഏർപ്പെടുത്താനുള്ള ഉപസമിതി നിർദേശം തള്ളി. ജി 23 സംഘത്തിന്റെ പ്രധാനാവശ്യമായ പാർലമെന്ററി ബോർഡ് രൂപവത്കരണവും ഇല്ല. അതിനു പകരമെന്ന നിലയിലാണ് സംസ്ഥാന, ദേശീയ തലങ്ങളിൽ രാഷ്ട്രീയകാര്യ സമിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.