കർണാടകയിൽ ആറു സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
text_fieldsബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിന് കർണാടകയിലെ ആദ്യഘട്ട പട്ടികയിൽ ആറു മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. സംസ്ഥാനത്ത് കോൺഗ്രസിന്റെ ഏക സിറ്റിങ് സീറ്റായ ബംഗളൂരു റൂറലിന് പുറമെ, മണ്ഡ്യ, ശിവമൊഗ്ഗ, ഹാസൻ, തുമകൂരു, ഹാവേരി, ബിജാപുർ (വിജയപുര) എന്നീ മണ്ഡലങ്ങളിലാണ് കോൺഗ്രസ് സ്ഥാനാർഥികളെ നിശ്ചയിച്ചത്.
ബംഗളൂരു റൂറലിൽ സിറ്റിങ് എം.പിയും കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ സഹോദരനുമായ ഡി.കെ. സുരേഷ് തന്നെ മത്സരിക്കും. നടൻ ശിവരാജ് കുമാറിന്റെ ഭാര്യയും വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയുടെ സഹോദരിയുമായ ഗീത ശിവരാജ് കുമാറാണ് ശിവമൊഗ്ഗയിലെ സ്ഥാനാർഥി. ശിവമൊഗ്ഗയിൽ സിറ്റിങ് എം.പി ബി.വൈ. രാഘവേന്ദ്രയെ നേരിടാനാണ് ഗീതയുടെ നിയോഗം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്താണ് ഗീത ശിവരാജ് കുമാർ കോൺഗ്രസിൽ ചേർന്നത്. മണ്ഡ്യയിൽ വെങ്കട രാമെ ഗൗഡയും (സ്റ്റാർ ചന്ദ്രു) ഹാസനിൽ ശ്രേയസ് പാട്ടീലും മത്സരിക്കും. കോൺഗ്രസിലേക്ക് തിരിച്ചെത്തിയ എസ്.പി. മുദ്ദെഹനുമ ഗൗഡയെ തുമകൂരുവിൽ പരിഗണിച്ചു. ബീജാപുർ (വിജയപുര) സീറ്റിൽ എച്ച്.ആർ. അൽഗൂറും ഹാവേരിയിൽ അനന്തസ്വാമിയും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കും.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ആകെയുള്ള 28 മണ്ഡലങ്ങളിൽ 25 സീറ്റും ബി.ജെ.പി പിടിച്ചിരുന്നു. കോൺഗ്രസും ജെ.ഡി-എസും ഓരോ സീറ്റുകളിലും വിജയിച്ചു. മണ്ഡ്യയിൽ ബി.ജെ.പി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥി സുമലത അംബരീഷിനായിരുന്നു ജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.