സുപ്രിയ ഭരദ്വാജ് കോൺഗ്രസിന്റെ നാഷനൽ മീഡിയ കോഓർഡിനേറ്റർ
text_fieldsന്യൂഡൽഹി: പ്രമുഖ മാധ്യമപ്രവർത്തക സുപ്രിയ ഭരദ്വാജിനെ നാഷനൽ മീഡിയ കോഓർഡിനേറ്ററായി നിയമിച്ച് കോൺഗ്രസ്. സുപ്രിയയെ മീഡിയ കോഓർഡിനേറ്ററായി നിയമിച്ചതായി അറിയിച്ച് എ.ഐ.സി.സി മീഡിയ ആൻഡ് പബ്ലിസിറ്റി ഡിപാർട്മെന്റ് ചെയർപേഴ്സൺ പവൻ ഖേഡ വാർത്താക്കുറിപ്പിറക്കി. ഉടൻ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് സുപ്രിയയെ നിയമിച്ചത്.
നേരത്തേ, രാധിക ഖേഡയായിരുന്നു കോൺഗ്രസിന്റെ നാഷനൽ മീഡിയ കോഓർഡിനേറ്റർ. എന്നാൽ, ഛത്തീസ്ഗഢ് കോൺഗ്രസിലെ മീഡിയ വിങ് തലവനും മറ്റു ചില നേതാക്കളുമായി കടുത്ത അഭിപ്രായ ഭിന്നത രൂപപ്പെട്ടതിനു പിന്നാലെ രാധിക കോൺഗ്രസിൽനിന്ന് രാജിവെച്ചു. പിന്നീട് ഇവർ ബി.ജെ.പിയിൽ ചേർന്നു. രാധികയുടെ രാജിക്കുശേഷം കോൺഗ്രസിന്റെ ദേശീയ മീഡിയ കോഓർഡിനേറ്റർ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.
ഇന്ത്യ ടുഡേ, എൻ.ഡി.ടി.വി എന്നിവ ഉൾപ്പെടെ രാജ്യത്തെ പ്രമുഖ ടെലിവിഷൻ ചാനലുകളിലായി 14 വർഷം മാധ്യമപ്രവർത്തകയായിരുന്ന സുപ്രിയ ഭരദ്വാജ് കഴിഞ്ഞ വർഷം മാർച്ചിൽ താൻ ടെലിവിഷൻ മാധ്യമ പ്രവർത്തനത്തോട് വിടപറയുകയാണെന്ന് അറിയിച്ചിരുന്നു. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര തുടക്കം മുതൽ അവസാനം വരെ കവർ ചെയ്ത ഏക ടെലിവിഷൻ റിപ്പോർട്ടറായിരുന്നു. സ്വതന്ത്ര മാധ്യമ പ്രവർത്തനം നടത്തിവരുന്നതിനിടയിലാണ് കോൺഗ്രസ് മീഡിയ കോഓർഡിനേറ്ററായി നിയമിതയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.