പൊലീസിനെതിരെ സഭാധ്യക്ഷമാരെ സമീപിച്ച് കോൺഗ്രസ്
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ ഇ.ഡി നടപടിയിൽ പ്രതിഷേധിക്കുന്നവരെ ഭീകരരെന്ന മട്ടിലാണ് ഡൽഹി പൊലീസ് കൈകാര്യം ചെയ്യുന്നതെന്ന് കോൺഗ്രസ്. വനിതകൾ അടക്കം എം.പിമാരെ ദേഹോപദ്രവം ഏൽപിച്ച പൊലീസ് നടപടിക്കെതിരെ കോൺഗ്രസ് എം.പിമാരുടെ സംഘം ലോക്സഭ, രാജ്യസഭ അധ്യക്ഷന്മാരെ സമീപിച്ചു.
ജ്യോതിമണി, ജെബി മേത്തർ തുടങ്ങി വനിതകൾ അടക്കം എം.പിമാരെ പൊലീസ് വലിച്ചിഴക്കുകയും ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്ത സംഭവത്തിലാണ് പരാതി. പാർലമെന്റ് അംഗം എന്ന നിലയിലുള്ള അവകാശങ്ങൾ ലംഘിച്ചതിന് പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് സംഘം ആവശ്യപ്പെട്ടു. എം.പിമാർക്കുനേരെയുള്ള പൊലീസ് അതിക്രമത്തിന്റെ വിഡിയോ അടങ്ങുന്ന പെൻഡ്രൈവ് കൈമാറി.
ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധിർരഞ്ജൻ ചൗധരി, ചീഫ് വിപ് കൊടിക്കുന്നിൽ സുരേഷ്, പാർട്ടി വിപ് മണിക്കം ടാഗോർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്പീക്കർ ഓം ബിർലയെ കണ്ടു. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, പി. ചിദംബരം, കെ.സി. വേണുഗോപാൽ, ജയ്റാം രമേശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രാജ്യസഭാധ്യക്ഷൻ എം. വെങ്കയ്യ നായിഡുവിനും മുന്നിൽ പരാതിക്കെട്ടഴിച്ചു. രാഹുലിനെ ചോദ്യംചെയ്യുന്നതിന്റെ ഉള്ളടക്കമെന്ന പേരിൽ ബി.ജെ.പി സർക്കാറും ഇ.ഡിയും വ്യാജപ്രചാരണം നടത്തുന്നതായി ചൗധരി ആരോപിച്ചു. നാഷനൽ ഹെറാൾഡ് കേസിൽ കോൺഗ്രസിന്റെ മുൻ ട്രഷറർ മോത്തിലാൽ വോറയെ പഴിചാരി രാഹുൽ ഗാന്ധി മൊഴി നൽകിയെന്ന റിപ്പോർട്ടുകൾ എവിടെ നിന്നാണ് പുറത്തുവന്നതെന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസിനുള്ളിൽ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമം ഇതിലുണ്ട്. ഇ.ഡിയും സർക്കാറും പ്രതികാര രാഷ്ട്രീയമാണ് നടത്തുന്നത്. ഏതെങ്കിലും രാഷ്ട്രീയ നേതാവിനെ ഇത്തരത്തിൽ ദിവസങ്ങളോളം ചോദ്യംചെയ്യുന്ന സംഭവം മുമ്പ് ഉണ്ടായിട്ടില്ല. എന്താണ് അദ്ദേഹം ചെയ്ത തെറ്റ്? പാർട്ടി നേതാവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തെരുവിൽ പ്രതിഷേധിക്കുന്ന കോൺഗ്രസുകാരെ ഭീകരരെ പോലെ നേരിടുന്നത് എന്തടിസ്ഥാനത്തിലാണെന്ന് ചൗധരി ചോദിച്ചു. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തെ വിഷകാലമായി മാറ്റുകയാണ് മോദി-അമിത് ഷാ സർക്കാർ. പ്രതിഷേധ സമരങ്ങൾ ഇതിനു മുമ്പ് ഡൽഹിയിൽ നടന്നിട്ടില്ലെന്ന മട്ടിലാണ് പെരുമാറ്റം. സഭാധ്യക്ഷന്മാരെ അറിയിക്കാതെയാണ് എം.പിമാരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലാക്കുന്നത്. അവകാശ ലംഘന നോട്ടീസായി പരാതി പരിഗണിക്കണമെന്ന് സഭാധ്യക്ഷന്മാരോട് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
പൊലീസിന്റെ പെരുമാറ്റ രീതി എങ്ങനെ നേരിടണമെന്ന് രാവിലെ പാർട്ടി ജനറൽ സെക്രട്ടറിമാർ കൂടിയാലോചിച്ചിരുന്നു. എ.ഐ.സി.സി ആസ്ഥാനത്തേക്ക് പൊലീസ് അതിക്രമിച്ചുകടക്കുകയും നേതാക്കളെ മർദിക്കുകയും ചെയ്തതിനെതിരെ പ്രത്യേക പരാതി പൊലീസിന് കോൺഗ്രസ് നൽകിയിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്‍പെൻഡ് ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. പൊലീസ് ക്രൂരതക്കെതിരെ എല്ലാ രാജ്ഭവനുകൾക്കും മുന്നിൽ വ്യാഴാഴ്ച കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. തെലങ്കാനയിൽ സംഘർഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.