തൊഴുത്തിൽ കുത്ത്; രാജസ്ഥാൻ കോൺഗ്രസിനെ ‘കൈ’ വിടുന്നു
text_fieldsജയ്പൂർ: ഒടുവിൽ രാജസ്ഥാനെ കോൺഗ്രസ് കൈവിടുകയാണ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കങ്ങൾ നേരത്തെ തന്നെ കോൺഗ്രസിന് തലവേദനയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസ് നേതൃത്വം ഇടപെട്ട് ഈ തർക്കങ്ങൾ പരിഹരിച്ചതായും തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടാണെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ തൊഴുത്തിൽ കുത്ത് കോൺഗ്രസിന് വലിയ തിരിച്ചടി നൽകിയിരിക്കുകയാണെന്നാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന. വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ ശക്തമായ മുന്നേറ്റമാണ് ബി.ജെ.പി നടത്തുന്നത്. 102 സീറ്റിൽ വ്യക്തമായ ലീഡ് നിലയാണ് ബി.ജെ.പി ഉയർത്തിയിരിക്കുന്നത്. 75 സീറ്റിലാണ് കോൺഗ്രസ് മുന്നിലുള്ളത്.
വോട്ടെണ്ണലിനിടെ പിന്നിലായിരുന്ന മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ടോങ്ക് മണ്ഡലത്തിൽ മുന്നേറുകയാണിപ്പോൾ. ബി.ജെ.പി സ്ഥാനാര്‍ഥി അജിത് സിംഗാണ് തൊട്ട് പിന്നിൽ. വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ സച്ചിനും അജിത് സിംഗും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. സച്ചിൻ 2018 ലെ തെരഞ്ഞെടുപ്പിൽ 50,000 ലേറെ വോട്ടിെൻറ ഭൂരിപക്ഷത്തിലായിരുന്നു ടോങ്കിൽ നിന്ന് വിജയിച്ച് കയറിയത്. ഇതിനിടെ, രാജസ്ഥാനിൽ വിജയം ഉറപ്പിച്ച് ബി.ജെ.പി പ്രവർത്തകർ ആഘോഷം തുടങ്ങിക്കഴിഞ്ഞു. അതേസമയം, രാജസ്ഥാനിൽ രണ്ടിടത്ത് സി.പി.എം മുന്നേറുകയാണ്.
രാജസ്ഥാൻ നിയമസഭയിൽ 200 സീറ്റുകളാണുള്ളത്. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 199 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. കോൺഗ്രസ് സ്ഥാനാർഥി ഗുർമീത് സിംഗ് കുന്നാർ മരിച്ചതിനെത്തുടർന്ന് ശ്രീഗംഗാനഗറിലെ കരണാപൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. 100 സീറ്റ് നേടിയായിരുന്നു 2018ൽ കോൺഗ്രസ് അധികാരത്തിലേറിയത്. 73 സീറ്റാണ് ബി.ജെ.പിയും നേടിയത്.100 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.