കോൺഗ്രസ് വിശ്വസിക്കുന്നത് ഗാന്ധിജിയുടെ സീതാരാമനിൽ, ബി.ജെ.പിയുടേത് ഗോഡ്സെയുടെ രാമൻ -സിദ്ധരാമയ്യ
text_fieldsബംഗളൂരു: കോൺഗ്രസ് വിശ്വസിക്കുന്നത് ഗാന്ധിജിയുടെ സീതാരാമനിലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. താനും ശ്രീരാമന്‍റെ ശിഷ്യനാണെന്നും ഗ്രാമത്തിൽ രണ്ട് ക്ഷേത്രങ്ങൾ നിർമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചവരെ പിടികൂടാൻ കഴിയാത്ത കോൺഗ്രസ് സർക്കാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബി.ജെ.പിയുടെയും ജെ.ഡി.എസിന്‍റെയും പ്രതിഷേധത്തിനിടെ നിയമസഭയിൽ ബജറ്റിന്മേലുള്ള ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
“കോൺഗ്രസ് മഹാത്മാഗാന്ധിയുടെ സീതാരാമനിൽ വിശ്വസിക്കുന്നു, ബി.ജെ.പി ഗോഡ്‌സെയുടെ രാമനിലും. അതാണ് ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള വ്യത്യാസം. അവർക്ക് ഒരിക്കലും രാഷ്ട്രഭക്തി ഉണ്ടായിരുന്നില്ല, സ്വാതന്ത്ര്യ സമരകാലത്ത് അവർ ബ്രിട്ടീഷുകാർക്കൊപ്പമായിരുന്നു, -സിദ്ധരാമയ്യ പറഞ്ഞു.
ജനങ്ങൾ ബി.ജെ.പിയെ കാണുന്നുണ്ടെന്നും സംസ്ഥാനത്തോട് കേന്ദ്രം ചെയ്യുന്ന അനിതിയെ അവർ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിയുടെ മുന്നിൽ സംസാരിക്കാൻ ധൈര്യം ഇല്ലാത്തവരാണ് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളെന്നും അദ്ദേഹം ആരോപിച്ചു.
നിയമസഭയിലെ ജയ് ശ്രീറാം വിളികൾക്ക് മറുപടിയായി അദ്ദേഹം ജയ് സീതാറാം വിളിക്കുകയും ചെയ്തു. ബി.ജെ.പിക്കാരുടെ തലയ്ക്കുള്ളിൽ തലച്ചോറില്ല, തല ശൂന്യമാണ്. അവർ രാമായണമോ മഹാഭാരതമോ വായിച്ചിട്ടില്ല, മറ്റുള്ളവർ പറയുന്നത് കേൾക്കുക മാത്രമാണ് ചെയ്യുന്നത്. അയോധ്യയിൽ ആരോ രാമക്ഷേത്രം പണിതിരിക്കുന്നു, അതിനായി ഇവർ ഇവിടെ മുദ്രാവാക്യം വിളിക്കുന്നു. താനും രാമക്ഷേത്രങ്ങൾ നിർമിച്ചിട്ടുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.