തെലങ്കാനയിൽ കോൺഗ്രസിന് ആഘോഷം തുടങ്ങാം - രേവന്ത് റെഡ്ഡി
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസിന് ആഘോഷം തുടങ്ങാമെന്ന് സംസ്ഥാന അധ്യക്ഷൻ രേവന്ത് റെഡ്ഡി. ഡിസംബർ മൂന്നിന് തെലങ്കാനയിലെ ഫ്യൂഡൽ ഭരണം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ സർവേകൾ പുറത്ത് വന്നതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെലങ്കാന മുഖ്യമന്ത്രിയും ബി.ആർ.എസ് നേതാവുമായ കെ.ചന്ദ്രശേഖര റാവു 2018ലേത് പോലെ മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തത് പരാജയം ഉറപ്പായതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
കെ.സി.ആറിന്‍റെ മകനും ബി.ആർ.എസ് വർക്കിങ് പ്രസിഡന്‍റുമായ കെ.ടി.രാമറാവു മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അഭിപ്രായ സർവേ പുറത്തിറക്കിയവരെ ഭീഷണിപ്പെടുത്തുകയും അഭിപ്രായ സർവേ തെറ്റാണെങ്കിൽ അവർ മാപ്പ് പറയണമെന്ന് പറയുകയും ചെയ്തതായി രേവന്ത് റെഡ്ഡി പറഞ്ഞു. മറിച്ചാണെങ്കിൽ കെ.ടി.ആർ മാപ്പ് പറയുമോ എന്നും അദ്ദേഹം ചോദിച്ചു.
ബി.ആർ.എസിന് 25 സീറ്റ് പോലും ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കെ.സി.ആറും കുടുംബവും എല്ലായ്‌പ്പോഴും ആളുകളെ അവജ്ഞയോടെയാണ് കാണുന്നതെന്നും അടിമകളെപ്പോലെയാണ് പെരുമാറുന്നതെന്നും കള്ളപ്പണം കൊണ്ട് അധികാരത്തിൽ തുടരാമെന്നാണ് അവർ കരുതുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ വിജയത്തിൽ പോലും കോൺഗ്രസ് വിനയാന്വിതരായിരിക്കുമെന്നും സംസ്ഥാനത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. ജയിച്ചവർ രാജാക്കന്മാരല്ലെന്നും തോറ്റവർ അടിമകളുമല്ലെന്നും ജനാധിപത്യത്തിൽ ജയവും തോൽവിയും സാധാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.