തെരഞ്ഞെടുപ്പ് ചട്ടഭേദഗതി ഗൂഢാലോചനയെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: നിർവഹണ ചട്ടങ്ങളിലെ ഭേദഗതി തെരഞ്ഞെടുപ്പ് കമീഷന്റെ ആധികാരികതയെ തകർക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനയെന്ന് കോൺഗ്രസ്. ഭരണഘടനക്കും ജനാധിപത്യത്തിനും നേരെയുള്ള ആക്രമണമാണ് ഭേദഗതിയെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എക്സിൽ കുറിച്ചു.
നേരത്തെ, തെരഞ്ഞെടുപ്പ് കമീഷണർമാരെ തെരഞ്ഞെടുക്കുന്ന സമിതിയിൽനിന്ന് ചീഫ് ജസ്റ്റിസിനെ സർക്കാർ നീക്കി. ഹൈകോടതി ഉത്തരവ് നിലനിൽക്കുമ്പോഴും തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾ മറച്ചുവെക്കാൻ മോദി ഗവൺമെന്റ് നിയമനിർമാണം നടത്തുകയാണെന്നും ഖാർഗെ പറഞ്ഞു. വോട്ടർപട്ടികയിലെ അനധികൃത തിരുത്തലുകളും ഇ.വി.എമ്മിലെ സുതാര്യതക്കുറവുമടക്കം വിഷയങ്ങളിൽ കോൺഗ്രസിന്റെ കത്തുകൾക്ക് തണുപ്പൻ മറുപടിയായിരുന്നു കമീഷന്റേത്. ഗൗരവ സ്വഭാവമുള്ള പരാതികൾക്കുപോലും അർഹിക്കുന്ന പരിഗണന ലഭിച്ചില്ല.
കമീഷന്റെ പ്രവർത്തനം സ്വതന്ത്രമല്ലെന്ന് തെളിയിക്കുന്നതാണ് ഈ നിലപാടുകൾ. തെരഞ്ഞെടുപ്പ് കമീഷനെ ദുർബലമാക്കുന്ന മോദി സർക്കാറിന്റെ നീക്കം ഭരണഘടനക്കും ജനാധിപത്യത്തിനുമെതിരെ നേരിട്ടുള്ള ആക്രമണമാണ്. എന്തുവില നൽകിയും കോൺഗ്രസ് ആ നീക്കങ്ങളെ ചെറുക്കുമെന്നും ഖാർഗെ പറഞ്ഞു.
വോട്ടെടുപ്പുമായി ബന്ധപ്പെട്ട സി.സി ടി.വി, വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍, സ്ഥാനാർഥികളുടെ വിഡിയോ റെക്കോഡിങ്ങുകള്‍ തുടങ്ങിയവ ജനങ്ങളിലേക്ക് എത്തുന്നത് തടഞ്ഞുകൊണ്ടാണ് കേന്ദ്ര നിയമമന്ത്രാലയത്തിന്റെ ചട്ട ഭേദഗതി.
അടുത്തിടെ നടന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു ബൂത്തില്‍ പോള്‍ ചെയ്ത വോട്ടുമായി ബന്ധപ്പെട്ട വിഡിയോ ദൃശ്യങ്ങളും രേഖകളുടെ പകര്‍പ്പുകളും നല്‍കണമെന്ന് പഞ്ചാബ്-ഹരിയാന ഹൈകോടതി തെരഞ്ഞെടുപ്പ് കമീഷനോട് രണ്ടാഴ്ച മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തിരക്കിട്ട് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊതുപരിശോധനക്ക് വിധേയമാണെന്ന് 1961ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ റൂള്‍ 93(2) വ്യക്തമാക്കുന്നു. പുതിയ ഭേദഗതിയോടെ, നിയമത്തില്‍ നിര്‍വചിച്ചിട്ടുള്ള രേഖകള്‍ മാത്രമായിരിക്കും പൊതുപരിശോധനക്കായി ലഭിക്കുക.
അതനുസരിച്ച് വോട്ടുയന്ത്രങ്ങള്‍, വിവിപാറ്റ് എന്നിവയടക്കം ഉപയോഗിച്ചുള്ള പുതിയ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ രേഖകള്‍ പരിശോധിക്കുന്നതിനുള്ള അവകാശം ഇല്ലാതാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.