കാതലായ ചോദ്യങ്ങൾക്ക് ഉത്തരം കാണാതെ കോൺഗ്രസ് ശിബിരം
text_fieldsന്യൂഡൽഹി: ബി.ജെ.പിയുടെ ഹിന്ദുത്വ-വിഭാഗീയ അജണ്ടയെ എങ്ങനെ ഫലപ്രദമായി നേരിടും? സമാനചിന്താഗതിക്കാരായ പ്രതിപക്ഷ പാർട്ടികളുടെ നായകസ്ഥാനത്ത് കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും എങ്ങനെ ഉറപ്പിക്കും? അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ഏറ്റവും സുപ്രധാനമായ ഈ രണ്ടു ചോദ്യങ്ങൾ അതേപടി ബാക്കിനിർത്തിയാണ് കോൺഗ്രസ് മൂന്നു ദിവസത്തെ നേതൃ ചർച്ച അവസാനിപ്പിച്ച് പിരിഞ്ഞത്.
പാർട്ടിയിൽ ചില നവീകരണങ്ങൾ, രാഹുൽ ഗാന്ധി വീണ്ടും അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന സൂചനകൾ, ബി.ജെ.പിയെ ചെറുത്തു തോൽപിക്കുമെന്ന പ്രതിജ്ഞ... ഇതൊക്കെയും പാർട്ടി പ്രവർത്തകർക്ക് ഉന്മേഷം നൽകിയേക്കാം. വർഗീയ അജണ്ടയിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ വ്യക്തമായ മേധാവിത്വം ഉറപ്പിച്ചുനിൽക്കുന്ന ബി.ജെ.പിയെ നേരിടാനുള്ള ഫലപ്രദമായ തന്ത്രങ്ങൾ ഇനിയും പാർട്ടി രൂപപ്പെടുത്തിയിട്ടില്ല. തൊഴിലില്ലായ്മയും വിലക്കയറ്റവും വികസന വിഷയങ്ങളും കോർപറേറ്റ് ബന്ധവുമെല്ലാം അങ്ങേയറ്റം പ്രസക്തമാണെങ്കിൽക്കൂടി, അതുമായി ബന്ധപ്പെട്ട സമര പ്രതിഷേധങ്ങൾക്ക് വർഗീയ അജണ്ടയെ ചെറുക്കാൻ കഴിയുന്നില്ലെന്ന യാഥാർഥ്യത്തിനു മുന്നിലാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം. ഭരണവിരുദ്ധ വികാരം രൂക്ഷമായിരുന്നിട്ടും യു.പിയിൽ വീണ്ടും ബി.ജെ.പി അധികാരത്തിൽ വന്നത് ഏറ്റവുമൊടുവിലത്തെ ഉദാഹരണം.
അടുത്ത പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സമാന ചിന്താഗതിക്കാരായ പ്രതിപക്ഷ കക്ഷികളുമായി ഉടനടി ആശയ വിനിമയം നടക്കേണ്ടതുണ്ടെന്ന വികാരം കോൺഗ്രസ് നേതൃനിരയിലുള്ളവർതന്നെ പങ്കുവെക്കുന്നുണ്ട്. മമത ബാനർജിയെപ്പോലുള്ളവർ കോൺഗ്രസിനെ കടത്തിവെട്ടാൻ തയാറായി നിൽക്കുന്നതാണ് സാഹചര്യം. ഇതിനിടയിൽ പ്രതിപക്ഷത്തെ കോൺഗ്രസ് എന്തുകൊണ്ട് നയിക്കണമെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്. രാഹുൽ ഗാന്ധിയുടെ നേതൃത്വം പ്രതിപക്ഷ നേതാക്കൾക്ക് വിശ്വസ്തവും സ്വീകാര്യവുമായി മാറേണ്ടതുണ്ട്. ഇതിനെല്ലാമിടയിൽ, സഖ്യം രൂപപ്പെടുത്താൻ വാതിൽ തുറന്നിട്ടിരിക്കുന്നുവെന്ന സന്ദേശം മാത്രമാണ് നവസങ്കൽപ് ശിബിരത്തിൽനിന്ന് ഉണ്ടായത്.
കോൺഗ്രസ് അടുത്ത തെരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്തുമെന്നു വരുമ്പോഴാണ് കോൺഗ്രസിന്റെ നേതൃത്വം വിവിധ പ്രതിപക്ഷ പാർട്ടികൾക്ക് സ്വീകാര്യമാവുന്നത്. വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് നില മെച്ചപ്പെടുത്തുമെന്ന് പറയാവുന്ന സ്ഥിതി ഇപ്പോഴില്ല. എന്നാൽ, ആശയാദർശങ്ങളിൽ ഉറച്ചുനിന്ന് പാർട്ടിക്ക് ഊർജം പകർന്നും ജനബന്ധം വർധിപ്പിച്ചും പ്രക്ഷോഭം നയിച്ചും അതിനായി കിണഞ്ഞുശ്രമിക്കാനുള്ള ഉദ്യമങ്ങൾ ശിബിര ചർച്ചകളിലൂടെ ഉണ്ടായിട്ടുണ്ട്.
ബി.ജെ.പിയുടെ ജാതി സമവാക്യങ്ങൾ പൊളിക്കാൻ പിന്നാക്ക വിഭാഗങ്ങളുടെ വിശ്വാസ്യത നേടാനുള്ള ശ്രമങ്ങൾ നടത്താനും തീരുമാനമുണ്ട്. അത് എത്രത്തോളം ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നുവെന്നത് പ്രധാനം. കഴിഞ്ഞ ചിന്താശിബിരങ്ങളിലെ പ്രഖ്യാപനങ്ങൾ പലതു വെള്ളത്തിലെ വരയായി മാറുകയാണ് ചെയ്തതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.