കോവിഡ് വ്യാപനം: യു.പിയിൽ റാലികൾ റദ്ദാക്കി കോൺഗ്രസും ബി.ജെ.പിയും
text_fieldsലഖ്നോ: രാജ്യത്ത് കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിലെ റാലികൾ റദ്ദാക്കി കോൺഗ്രസും ബി.ജെ.പിയും. പരിപാടികളിൽ ആളുകൂടുന്നത് കോവിഡ് വ്യാപനം രൂക്ഷമാക്കുമെന്ന നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.
സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രം മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുമായി മുന്നോട്ടുപോയാൽ മതിയെന്ന് നിർദേശം നൽകിയതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. 'യു.പിയിലെയും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെയും പ്രധാന റാലികളെല്ലാം മാറ്റിവെച്ചു. അതത് സംസ്ഥാനങ്ങളിലെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താനും അതിനുശേഷം പരിപാടികളുടെ കാര്യത്തിൽ തീരുമാനമെടുക്കാനും ആവശ്യപ്പെട്ടു' -വേണുഗോപാൽ പറഞ്ഞു.
മൂന്നാം തരംഗത്തിന് സാധ്യതയുള്ളതിനാൽ സംസ്ഥാനങ്ങളിൽ വലിയ റാലികൾക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് കത്തയക്കുകയും ചെയ്തു.
അതേസമയം, കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ബി.ജെ.പിയും വലിയ റാലികൾ റദ്ദാക്കി. ഗൗതം ബുദ്ധ നഗറിൽ നടത്താനിരുന്ന സർക്കാർ പരിപാടി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റദ്ദാക്കുകയായിരുന്നു. ഒരാഴ്ചയിലേറെയായി ഇവിടെ കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻവർധന രേഖപ്പെടുത്തുന്നതിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.
കഴിഞ്ഞദിവസം കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ബറേലിയിൽ നടത്തിയ പെൺകുട്ടികളുടെ റാലിക്കെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. മാസ്ക് പോലും ധരിക്കാതെയാണ് നൂറുകണക്കിന് പെൺകുട്ടികൾ മാരത്തണിൽ പങ്കെടുത്തത്. ഇതിനെതിരെ പൊതുവിമർശനം ഉയർന്ന സാഹചര്യത്തിലാണ് പൊതുപരിപാടികൾ ഒഴിവാക്കാനുള്ള രാഷ്ട്രീയപാർട്ടികളുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.