ഇംറാൻ മസൂദിന്റെ വിധിയെന്താകും
text_fieldsസഹാറൻപൂരിൽ രാത്രിയിൽ എത്തുമ്പോൾ കണ്ട കോൺഗ്രസ് സ്ഥാനാർഥി ഇംറാൻ മസൂദിന്റെ റോഡ് ഷോ വിജയാഹ്ലാദത്തെ വെല്ലുന്നതാണ്. കോൺഗ്രസിന്റെ രാജ്യസഭ ഉപനേതാവ് പ്രമോദ് തിവാരിക്കൊപ്പം അലങ്കരിച്ച കുതിരവണ്ടിയിലേറ്റി ഇംറാനെ വഴിയിലുടനീളം നിലക്കാത്ത വെടിക്കെട്ടുകളും മത്താപ്പുകളുമായി പട്ടണം ചുറ്റിയാണ് പൊതുസമ്മേളനവേദിയിലേക്ക് ആനയിച്ചത്.
രാത്രി 10ന് മുമ്പെ പ്രചാരണ പരിപാടി അവസാനിപ്പിക്കേണ്ടിയിരുന്നതിനാൽ അധികമൊന്നും സംസാരിക്കാനില്ലെന്ന് വ്യക്തമാക്കിയ പ്രമോദ് തിവാരി പറഞ്ഞതിതാണ്. ‘‘ഈ ഭരണകൂടം എങ്ങാനും തുടർന്നാൽ പിന്നെ ഭരണഘടനയെ രക്ഷിക്കാൻ നമ്മൾക്ക് കഴിയാതെ വരും. ഇതുപോലൊരു തെരഞ്ഞെടുപ്പിന് ജനാധിപത്യം നമുക്ക് ബാക്കിയുണ്ടാകില്ല. കള്ളം പറയാൻ അശേഷം നാണമില്ലാത്തവർ കള്ളം പറഞ്ഞ് ഇനിയും വരുമെങ്കിലും വോട്ടു ചെയ്യുമ്പോൾ ഇക്കാര്യം നാം ഓർക്കണം’’.
മുസ്ലിം വോട്ടുകൾ നിർണായകമായ സഹാറൻപൂരിൽ റോഡ് ഷോ കടന്നുവന്ന വഴികളിൽ, ബി.എസ്.പി നേതാവ് മായാവതിയുടെയും പാർട്ടി സ്ഥാനാർഥി മാജിദ് അലിയുടെയുടെയും ചിത്രങ്ങളോടെ ഉയർന്നുനിൽക്കുന്ന കൂറ്റൻ ബിൽ ബോർഡുകൾ കണ്ടതിന്റെ നെഞ്ചിടിപ്പ് മറച്ചുവെക്കാൻ പ്രമോദ് തിവാരിക്കായില്ല. പോയ അഞ്ചു വർഷം മുസ്ലിം വിരുദ്ധമായ നിർണായക നിയമ നിർമാണങ്ങളിൽ ബി.എസ്.പി എം.പിമാരുടെ വോട്ട് പാർലമെന്റിൽ ബി.ജെ.പിക്കായിരുന്നുവെന്ന് ഓർമിപ്പിച്ചാണ് ബി.എസ്.പിക്ക് വോട്ടു ചെയ്തുപോകരുതെന്ന് സഹാറൻപൂരിലെ മുസ്ലിംകളോട് അഭ്യർഥിച്ചത്.
മായാവതിക്കും ബി.എസ്.പിക്കും വീഴുന്ന ഓരോ വോട്ടും കോൺഗ്രസ് ജയസാധ്യത കൽപിച്ചിരുന്ന ഇംറാൻ മസൂദിന്റെ തോൽവി ഉറപ്പിക്കാനുള്ളതാണെന്ന ബോധ്യം സഹാറൻപുർ മാർക്കറ്റിൽ പഴം വിറ്റുജീവിക്കുന്ന നവാബ് പോലും പറയുന്നുണ്ട്. മാജിദ് അലിയുടെ മത്സരം വോട്ടുകളയാനുള്ളതാണെന്നും ബി.ജെ.പിയെ ജയിപ്പിക്കാനാണെന്നും പഴം വാങ്ങാനെത്തിയവരും നവാബിനെ ശരിവെക്കുന്നു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി, രാഷ്ട്രീയ ലോക്ദൾ എന്നിവയുമായി സഖ്യത്തിൽ മത്സരിച്ച് 5,13,268 വോട്ട് നേടി ബി.എസ്.പി സ്ഥാനാർഥി ഹാജി ഫസ്ലുർറഹ്മാൻ തെരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണിത്. അന്ന് 4,90,000 വോട്ടുകൾ നേടി ബി.ജെ.പി സ്ഥാനാർഥി രാഘവ് ലഖൻപാൽ അന്ന് തൊട്ടുപിറകിലെത്തി. സഖ്യകക്ഷികളായി ആരും പിന്തുണക്കാനില്ലാതെ കോൺഗ്രസ് ടിക്കറ്റിൽ ഒറ്റക്ക് മത്സരിച്ച ഇംറാൻ മസൂദിന് മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2014ൽ ഇതേ രാഘവ് ലഖൻപാൽ 64,445 വോട്ടുകളുടെ ഭൂരിപക്ഷത്തിന് സഹാറൻപുർ ബി.ജെ.പിക്ക് നേടിക്കൊടുത്തപ്പോൾ ഇംറാൻ മസൂദ് രണ്ടാം സ്ഥാനത്തായിരുന്നു.
സിറ്റിങ് എം.പി ഹാജി ഫസ്ലുറഹ്മാനെ മാറ്റി ജാവേദ് അലിയെ ഇറക്കിയ ബി.എസ്.പി മൂന്ന് തവണയും തോറ്റ ഇംറാൻ മസൂദിനെ കോൺഗ്രസ് വീണ്ടും ഇറക്കിയത് ബി.ജെ.പിയെ ജയിപ്പിക്കാനാണെന്ന് തിരിച്ചാരോപിക്കുന്നു. 2019ൽ സമാജ്വാദി പാർട്ടിയുടെയും രാഷ്ട്രീയ ലോക്ദളിന്റെയും ബലത്തിൽ ബി.എസ്.പി ജയിച്ച മണ്ഡലമാണ് സഹാറൻപുർ എന്ന കാര്യം മറച്ചുവെച്ചാണ് ബി.എസ്.പി ആരോപണത്തിന്റെ മുന തിരിച്ചുവെക്കുന്നത്. അതിൽ ആർ.എൽ.ഡി ഇപ്പോൾ ബി.ജെ.പിയുമായി സഖ്യത്തിലാണ്.
ബി.എസ്.പിയുടെ മാജിദ് അലി അടർത്തുന്ന മുസ്ലിം വോട്ടുകൾ മാത്രമല്ല, ആർ.എൽ.ഡിയുടേതായി ലഭിക്കുമായിരുന്ന വോട്ടുകൾ അവസാന സമയത്തെ അവരുടെ കൂടുമാറ്റം മൂലം ചോർന്നുപോകുന്നതും മൂന്ന് തോൽവിക്ക് ശേഷവും ഒരു ജയത്തിനുള്ള ഇംറാന്റെ പ്രതീക്ഷക്ക് മങ്ങലേൽപിക്കുന്നതാണ്.
മറുഭാഗത്ത് ബി.ജെ.പിയാകട്ടെ കഴിഞ്ഞ തവണ കാൽ ലക്ഷം വോട്ടിന് കൈവിട്ട മണ്ഡലം ഏത് വിധേനയും തിരിച്ചുപിടിക്കാൻ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ഹിന്ദു-മുസ്ലിം കാർഡിറക്കിയാണ് കളിക്കുന്നത്. മുസ്ലിം സ്ഥാനാർഥിക്ക് വിവിധ ജാതിക്കാരായ ഹിന്ദു വിഭാഗങ്ങളുടെ വോട്ട് വീഴാതിരിക്കാൻ ഒരു സമുദായത്തിന്റെ മുന്നിൽ സഹാറൻപൂരുകാർ മുട്ടുകുത്തി നിന്ന കലം കഴിഞ്ഞുവെന്ന് പറഞ്ഞാണ് യോഗിയുടെ റോഡ്ഷോയും റാലിയും. ബി.ജെ.പി സ്ഥാനാർഥിയാകട്ടെ ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള മത്സരമാണ് സഹാറൻപൂരിലേതെന്ന് പച്ചയായി പറഞ്ഞാണ് വോട്ടു പിടിക്കുന്നത്. ഇത്തവണ സീറ്റ് പിടിക്കാൻ ആവുന്നതെല്ലാം ചെയ്യുന്ന ബി.ജെ.പി യോഗിക്ക് പുറമെ മോദിയെ കൊണ്ടുവന്നും സഹാറൻപൂരിൽ റാലി നടത്തി. ബി.ജെ.പിയുടെ ധ്രുവീകരണ തന്ത്രം ഇക്കുറിയും ഫലം കണ്ടാൽ ഇംറാന്റെ തോൽവി ഉറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.