"കോൺഗ്രസിനെ മരിക്കാൻ അനുവദിക്കില്ല"; തന്ത്രങ്ങൾ അവതരിപ്പിക്കവെ നേതാക്കളോട് പ്രശാന്ത് കിഷോർ
text_fieldsന്യൂഡൽഹി: "ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ മരിക്കാൻ അനുവദിക്കില്ല അതിന് രാജ്യത്തോടൊപ്പം മാത്രമേ മരിക്കാൻ കഴിയൂ" എന്ന മഹാത്മാഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ചാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസ് നേതാക്കൾക്ക് മുന്നിൽ തന്‍റെ അവതരണം ആരംഭിച്ചത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ഈ വർഷമാദ്യം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് നഷ്ടമായ പ്രതാപം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് പാർട്ടി നേതൃത്വം. ഇതിന് വേണ്ടിയാണ് പാർട്ടി കിഷോറിന്‍റെ സഹായം തേടിയത്. കോൺഗ്രസിനെ പുനരുജ്ജീവിക്കുന്നതിനുള്ള രൂപരേഖ അദ്ദേഹം നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ അവതരിപ്പിച്ചതായാണ് വിവരം.
നേതാക്കളുമായി നടത്തതിയ കൂടിക്കാഴ്ചയിൽ രാജ്യത്തെ രാഷ്ട്രീയ രംഗത്ത് കോൺഗ്രസിന്റെ നിലവിലെ സ്ഥാനവും, അവരുടെ ശക്തിയും ബലഹീനതകളുമെല്ലാം കിഷോർ ചൂണ്ടിക്കാട്ടി. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിന് ഇന്ത്യയിലെ ജനസംഖ്യ, കോൺഗ്രസ് എം.പിമാരുടെയും എം.എൽ.എമാരുടെയും എണ്ണം, സ്ത്രീകൾ, യുവാക്കൾ, ചെറുകിട വ്യവസായികൾ, കർഷകർ എന്നിവരോടുള്ള പാർട്ടിയുടെ കാഴ്ചപ്പാട് എന്നിവയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 2024ലെ തെരഞ്ഞെടുപ്പിൽ 13 കോടി കന്നി വോട്ടർമാരുടെ പ്രാധാന്യത്തെക്കുറിച്ചും പ്രശാന്ത് കിഷോർ കൂട്ടിച്ചേർത്തു.
കോൺഗ്രസിന് ലോക്‌സഭയിലും രാജ്യസഭയിലുമായി വെറും 90 എം.പിമാരും രാജ്യത്ത് 800 എം.എൽ.എമാരും മാത്രമാണുള്ളതെന്നും പ്രശാന്ത് കിഷോർ കോൺഗ്രസ് നേതൃത്വത്തെ ഓർമിപ്പിച്ചു. മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരത്തിലുണ്ടെന്നും മൂന്നിടത്ത് കൂട്ടുകക്ഷി സർക്കാരിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. 13 സംസ്ഥാനങ്ങളിൽ പ്രധാന പ്രതിപക്ഷമാണ്. 1984 മുതൽ കോൺഗ്രസിന്റെ വോട്ട് ശതമാനം കുറഞ്ഞു വരികയാണെന്നും അദ്ദേഹം നേതൃത്വത്തെ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.