ബി.ജെ.പിയെ നേരിടാൻ മഹാസഖ്യം വേണം –മണിശങ്കർ അയ്യർ
text_fieldsന്യൂഡൽഹി: നരേന്ദ്ര മോദി നയിക്കുന്ന ബി.ജെ.പിയെ ഒറ്റക്ക് നേരിടാനാവില്ലെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ് ബി.ജെ.പിയിതര പാർട്ടികളുടെ മഹാസഖ്യത്തിന് കോൺഗ്രസ് ശ്രമിക്കണമെന്ന് മുതിർന്ന നേതാവ് മണിശങ്കർ അയ്യർ. 2004ൽ സോണിയ ഗാന്ധി സ്വീകരിച്ച ശൈലി രാഹുൽ ഗാന്ധി മാതൃകയാക്കണം. വേണ്ടിവന്നാൽ മഹാസഖ്യത്തിെൻറ നായകസ്ഥാനം വിട്ടുകൊടുക്കാനും തയാറാകണമെന്ന് മണിശങ്കർ അയ്യർ പറഞ്ഞു.
ഒരു വിഭാഗം ജനങ്ങളെ തിരസ്കരിക്കുന്ന ശൈലിയിലേക്ക് രാജ്യത്തെ നയിക്കുന്ന ബി.ജെ.പിയുടെ പരാജയം ഉറപ്പുവരുത്തുകയാണ് ഇപ്പോൾ ആവശ്യം. 85 ശതമാനം ഹിന്ദുക്കളുള്ള രാജ്യമാണെന്നതുപോലെതന്നെ, ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്ലാതെ ഇസ്ലാമില്ലെന്നും ഇസ്ലാമില്ലാതെ ഇന്ത്യയില്ലെന്നുമുള്ള തത്വമാണ് തിരിച്ചറിയപ്പെടേണ്ടത്. പറ്റിയ പിഴവുകളെക്കുറിച്ച് പരിശോധിക്കുന്ന പരമ്പരാഗത രീതി മാറ്റി, പ്രവർത്തിക്കാനുള്ള സമയമായി ഇൗ സന്ദർഭത്തെ കാണണം. പിഴവുകളെക്കുറിച്ച പഠനങ്ങളും പരിഹാര നിർദേശങ്ങളും കോൺഗ്രസ് ഒാഫിസിൽ അട്ടിയിട്ടുവെച്ചിട്ടുണ്ട്. ഇന്ത്യൻ ദേശീയതയുടെ യഥാർഥ അന്തഃസത്തയെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കണം. 2014 വരെയുള്ള 10 വർഷം ഉണ്ടായിരുന്ന സഖ്യം അലിഞ്ഞില്ലാതായതാണ് 2014ലെ തോൽവിക്കു പ്രധാന കാരണമായത്. വിശാലസഖ്യം കെട്ടിപ്പൊക്കുന്നതിന് തടസ്സങ്ങൾ പലതുണ്ട്. എന്നാൽ, ഇന്ത്യ തിളങ്ങുന്നുവെന്ന പ്രചാരണ കോലാഹലങ്ങൾക്കിടയിലാണ് 2004ൽ യു.പി.എ സഖ്യം രൂപപ്പെടുത്താൻ കഴിഞ്ഞത്. തെറ്റായ പ്രചാരണത്തെയാണ് അന്ന് തുറന്നുകാണിക്കേണ്ടിയിരുന്നത്. ഇന്ത്യയെന്ന ആശയത്തെ അവമതിക്കുന്നതാണ് ഇന്ന് അവസാനിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.