ഒരു രൂപയെങ്കിലും ഹിമാചൽ സർക്കാർ സോണിയക്ക് നൽകിയെന്നതിന് തെളിവു തരാനാകുമോ? കങ്കണയെ വെല്ലുവിളിച്ച് കോൺഗ്രസ്
text_fieldsഷിംല: കേന്ദ്രസർക്കാർ നൽകുന്ന വായ്പ മുഴുവൻ ഹിമാചൽ സർക്കാർ സോണിയ ഗാന്ധിക്ക് നൽകുകയാണെന്ന് ആരോപിച്ച നടിയും എം.പിയുമായ കങ്കണ റണാവത്തിനെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് കോൺഗ്രസ്. ആരോപണം തെളിയിക്കാൻ കോൺഗ്രസ് കങ്കണയെ വെല്ലുവിളിക്കുകയും ചെയ്തു.
കങ്കണയുടെ ബുദ്ധിപരമായ പാപ്പരത്വമാണ് ഈ പ്രസ്താവനയിലൂടെ തെളിഞ്ഞതെന്ന് ഹിമാചൽ മന്ത്രി വിക്രമാദിത്യ സിങ് പരിഹസിച്ചു. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെ ഫണ്ട് സോണിയ ഗാന്ധിക്ക് നൽകുന്നു എന്നതിൽ പരം മറ്റൊരു വലിയ വിഡ്ഡിത്തമില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഒരു രൂപയെങ്കിലും ഹിമാചൽ സർക്കാർ സോണിയക്ക് നൽകിയെന്നതിന് തെളിവു തരാനാകുമോയെന്നും അദ്ദേഹം വെല്ലുവിളിച്ചു. ഇത്തരം അടിസ്ഥാനപരമായ പ്രസ്താവനകൾ നടത്തിയതിന് സോണിയ ഗാന്ധിയോട് കങ്കണ മാപ്പുപറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അവർക്കെതിരെ കോൺഗ്രസ് മാനനഷ്ടക്കേസ് നൽകും.
വിദ്യാഭ്യാസമില്ലാത്ത നടിയാണ് കങ്കണ. അതവരുടെ വാക്കുകളിലും പ്രതിഫലിച്ചു. ക്രെഡിറ്റ്, ഡ്രാഫ്റ്റ്, ഓവർഡ്രാവ്റ്റ് സൗകര്യങ്ങൾ വഴി സംസ്ഥാന, കേന്ദ്ര വികസന ഫണ്ടുകൾ ചെലവഴിക്കുന്ന കാര്യം എല്ലാവർക്കുമറിയാം. എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടും ഹിമാചലിലേക്ക് കങ്കണ സാധാരണ വരാറില്ല. സ്വന്തം സിനിമക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതോടെ അവർ ദുഃഖിതയായി. പിന്നാലെയാണ് ഇത്തരത്തിലുള്ള അടിസ്ഥാനപരമായ പരാമർശങ്ങൾ നടത്തുന്നത്. അവർക്ക് ആത്മനിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണ്. സെൻസിറ്റീവ് വിഷയങ്ങളിൽ അഭിപ്രായം പറയരുതെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വം അവരെ ശാസിച്ചിരുന്നു. -മന്ത്രി വിമർശിച്ചു. കങ്കണ അഭിനയിച്ച ഇന്ദിര ഗാന്ധിയുടെ ജീവിതം ആസ്പദമാക്കിയ എമർജൻസി സിനിമയുടെ റിലീസിന് അനുമതി ലഭിക്കാത്തതാണ് വീർഭദ്രസിങ് പരാമർശിച്ചത്.
കഴിഞ്ഞ ദിവസമാണ് ഹിമാചൽ സർക്കാറിനെതിരെ ഗുരുതര ആരോപണവുമായി കങ്കണ രംഗത്തുവന്നത്. വായ്പയായി ലഭിക്കുന്ന പണം സോണിയ ഗാന്ധിക്ക് നൽകുന്നതാണ് സർക്കാർ ഖജനാവ് കാലിയാവാൻ കാരണം എന്നത് എല്ലാവർക്കും അറിയാമെന്നായിരുന്നു നടിയുടെ വാചകക്കസർത്ത്. കങ്കണ അഭിനയിച്ച ഇന്ദിര ഗാന്ധിയുടെ ജീവിതം ആസ്പദമാക്കിയ എമർജൻസി സിനിമയുടെ റിലീസിന് അനുമതി ലഭിക്കാത്തതിലും വീർഭദ്രസിങ് കങ്കണയെ കളിയാക്കി.
ഹിമാചലിലെ ഒരു ഗ്രാമത്തിൽ ബി.ജെ.പിയുടെ അംഗത്വ കാമ്പയിൻ ഉദ്ഘാടനം ചെയ്യവെയാണ് നടിയുടെ ആരോപണം.''ഞങ്ങൾ ദുരന്തനിവാരണ ഫണ്ട് നൽകിയാൽ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പോകുന്നത്. എന്നാൽ അവിടെ നിന്ന് അത് സോണിയയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പോകുന്നത് എല്ലാവർക്കും അറിയാം.''-കങ്കണ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.