ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് ഇ.ഡിയും സി.ബി.ഐയും -മല്ലികാർജുൻ ഖാർഗെ
text_fieldsജയ്പൂർ: കേന്ദ്രസർക്കാർ ആദായ നികുതിവകുപ്പിനെയും എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിനെയും സി.ബി.ഐയേയും ദുരുപയോഗം ചെയ്യുകയാണെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. ഇ.ഡിയെയും സി.ബി.ഐയെയും ബി.ജെ.പി തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള ആയുധമാക്കി മാറ്റിയെന്നും ഖാർഗെ ആരോപിച്ചു. രാജസ്ഥാനിലെ ജോധ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു ഖാർഗെ.
''പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കാൻ സ്ഥലങ്ങളിൽ പോകുന്നതിന് മുമ്പ് അവർ പ്രചാരണത്തിനായി ഇ.ഡി, സി.ബി.ഐ, ആദായ നികുതി വകുപ്പ് എന്നിവയെ അയയ്ക്കുന്നു. അവർ കോൺഗ്രസുകാരോട് എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് കാണാം. ഞങ്ങൾ രാജ്യം കൊള്ളയടിക്കുന്നുവെന്ന് അവർ ആരോപിക്കുന്നു. യഥാർഥത്തിൽ രാജ്യം കൊള്ളയടിക്കുന്നത് നിങ്ങളാണ്.''-ഖാർഗെ പറഞ്ഞു. രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ്ങിന്റെ വസതിയിൽ അടുത്തിടെ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ രണ്ട് മക്കളെ ചോദ്യം ചെയ്യാൻ ഇ.ഡി വിളിപ്പിച്ചിരുന്നു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകൻ വൈഭവ് ഗെഹ്ലോട്ടിന്റെ മകനെയും ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു.
ഇത് പരാമർശിച്ചായിരുന്നു ഖാർഗെയുടെ പ്രസംഗം. പ്രധാനമന്ത്രിക്ക് പ്രസംഗം മാത്രമേയുള്ളൂ പ്രവർത്തനമില്ലെന്നും ഖാർഗെ വിമർശിച്ചു. മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും മാത്രമുണ്ടായിട്ട് രാജ്യത്ത് വികസനമുണ്ടാകില്ല. നമ്മുടെ രാജ്യത്ത് ഭക്ഷണവും സ്കൂളുകളും യുവാക്കൾക്ക് തൊഴിലുമാണ് വേണ്ടത്.-ഖാർഗെ പറഞ്ഞു. നന്നായി ജോലി ചെയ്യുന്ന കോൺഗ്രസ് നേതാക്കളെ ബി.ജെ.പി തടസ്സപ്പെടുത്തുകയാണ്. മോദി ഭരണത്തിൽ സമ്പന്നർ കൂടുതൽ സമ്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരുമായി മാറുകയാണ്. പാവങ്ങളുടെ വോട്ട് വാങ്ങി മോദി സമ്പന്നരെ സഹായിക്കുകയാണെന്നും ഖാർഗെ വിമർശിച്ചു. രാജസ്ഥാനിൽ കോൺഗ്രസ് വിജയിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.