കോൺഗ്രസ് കറുപ്പണിഞ്ഞത് രാമക്ഷേത്ര ശിലാപൂജ വാർഷികത്തിൽ -അമിത് ഷാ
text_fieldsന്യൂഡൽഹി: കറുപ്പണിഞ്ഞ് വിലക്കയറ്റ പ്രതിഷേധത്തിന് കോൺഗ്രസ് ആഗസ്റ്റ് അഞ്ച് തെരഞ്ഞെടുത്തത് അയോധ്യയിലെ രാമക്ഷേത്രത്തെ എതിർക്കുന്നതുകൊണ്ടാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. വിലക്കയറ്റം, തൊഴിലില്ലായ്മ, അവശ്യ സാധനങ്ങളുടെ ജി.എസ്.ടി വർധന എന്നിവക്കെതിരെയാണ് പ്രതിഷേധക്കറുപ്പുമായി കോൺഗ്രസ് നേതാക്കൾ തെരുവിലിറങ്ങിയത്. ഹെറാൾഡ് ഹൗസിലെ ഇ.ഡി റെയ്ഡ് പ്രതിഷേധത്തിന് ആക്കം പകർന്നു.
എന്നാൽ, 'അയോധ്യയിൽ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാപൂജ നടത്തിയത് ആഗസ്റ്റ് അഞ്ചിനായിരുന്നു. കറുപ്പണിയാൻ ഇതേ തീയതിതന്നെ കോൺഗ്രസ് തെരഞ്ഞെടുത്തത് ബോധപൂർവമാണ്. പ്രീണന രാഷ്ട്രീയവുമായി മുന്നോട്ടുപോകുന്നുവെന്ന സന്ദേശമാണ് അവർ നൽകുന്നത്. ഇ.ഡിയുടെ പുതിയ സമൻസൊന്നും കിട്ടാത്തതുകൊണ്ടാണ് പ്രതിഷേധം നടത്തിയത്' -എന്നാായിരുന്നു അമിത് ഷാ വിമർശിച്ചത്.
പാർലമെൻറിലും പുറത്തും കറുത്ത വേഷത്തിൽ കോൺഗ്രസ് നേതാക്കൾ
ന്യൂഡൽഹി: കൂട്ടത്തോടെ കറുത്ത വേഷം ധരിച്ച് പാർലമെന്റിലും പുറത്തും കോൺഗ്രസ് നേതൃനിരയുടെ പ്രതിഷേധം. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണ് എം.പിമാർ കറുത്ത വേഷത്തിൽ പാർലമെന്റിൽ എത്തിയത്. പ്രധാനമന്ത്രിയുടെ വസതിയിലേക്കും രാഷ്ട്രപതി ഭവനിലേക്കും മാർച്ച് നടത്തുമെന്ന പ്രഖ്യാപനവുമായി എ.ഐ.സി.സി ആസ്ഥാനത്തിനുമുന്നിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ മുതിർന്ന നേതാക്കൾ ഒത്തുചേർന്നതും കറുത്ത വേഷത്തിൽ.
മാർച്ച് നടത്താൻ ഒരുങ്ങിയവരെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ചു. കോൺഗ്രസിന്റെ സമരം നേരിടാൻ നിരോധനാജ്ഞ പ്രഖ്യാപിച്ച് നഗരത്തിൽ പൊലീസ് ഏർപ്പെടുത്തിയ കനത്ത ഗതാഗത നിയന്ത്രണം ജനത്തെ വലച്ചു.
ദിവസങ്ങൾ സഭാ നടപടി മുടങ്ങിയപ്പോൾ പാർലമെന്റിന്റെ ഇരുസഭകളിലും വിലക്കയറ്റ ചർച്ചക്ക് സർക്കാർ തയാറായിരുന്നു. എന്നാൽ ധനമന്ത്രി നിർമല സീതാരാമന്റെ ധിക്കാരപരമായ മറുപടിയിൽ പ്രതിഷേധിച്ചുള്ള കോൺഗ്രസ് ഇറങ്ങിപ്പോക്കിലാണ് അത് കലാശിച്ചത്. അതിനു പിന്നാലെയാണ് കറുത്ത വേഷത്തിലെത്തിയുള്ള പ്രതിഷേധം.
കറുത്ത ബ്ലൗസും വെള്ള സാരിയുമായി ലോക്സഭയിലെത്തിയ സോണിയ ഗാന്ധിയും സമ്പൂർണ കറുപ്പ് ധരിച്ച മറ്റ് പാർട്ടി എം.പിമാരും പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് സഭാ നടപടികൾ സ്പീക്കർ ഒരുമണിക്കൂർ നിർത്തിവെച്ചു. തൊട്ടുപിന്നാലെ പാർലമെന്റ് സമ്മേളനം ബഹിഷ്കരിച്ച് എല്ലാ പാർട്ടി എം.പിമാരും എ.ഐ.സി.സി ഭാരവാഹികളും കോൺഗ്രസ് ഓഫിസിനു മുന്നിൽ പ്രതിഷേധ മാർച്ചിന് ഒത്തുകൂടി.
എന്നാൽ, മാർച്ച് അനുവദിക്കാതെ രാഹുൽ അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കിങ്സ്വേ ക്യാമ്പ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ബാരിക്കേഡിൽ കയറി മുന്നോട്ടുനീങ്ങാൻ ശ്രമിച്ച പ്രിയങ്ക, പൊലീസ് തടഞ്ഞതിനെത്തുടർന്ന് കുത്തിയിരുന്നു പ്രതിഷേധിച്ചു. പിന്നീട് പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകീട്ടു മാത്രമാണ് കോൺഗ്രസ് നേതൃസംഘത്തെ സ്റ്റേഷനിൽനിന്ന് വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.