ഗുജറാത്തിൽ ബി.ജെ.പി പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന് കോൺഗ്രസ്
text_fieldsഅഹമ്മദാബാദ്: ഗുജറാത്തിൽ ബി.ജെ.പി പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി കോൺഗ്രസ്. പാർട്ടി സ്ഥാനാർഥി ജെനിബെൻ താക്കൂറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. സി.ആർ.പി.എഫ് ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തിയ ബി.ജെ.പി പ്രവർത്തകരാണ് വോട്ടർമാരെ ഭീഷണിപ്പെടുത്തിയത്. ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ ഇവർ ആളുകളോട് ആവശ്യപ്പെട്ടുവെന്നാണ് വിവരം.
കോൺഗ്രസിന്റെ പരാതി ലഭിച്ചതിനെ തുടർന്ന് ജില്ലാകലക്ടർ വരുൺകുമാർ ബരാൻവാൾ അന്വേഷണത്തിന് ഉത്തരവിട്ടു. സൂപ്രണ്ട് ഓഫ് പൊലീസിനോടും സബ് ഡിവിഷണൽ മജിസ്ട്രേറ്റിനോടും ഇതുസംബന്ധിച്ച് അന്വേഷണം നടത്താനാണ് കലക്ടർ നിർദേശിച്ചിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതിനനുസരിച്ച് ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്നും കലക്ടർ അറിയിച്ചു.
സിറ്റിങ് എം.എൽ.എയായ താക്കൂറാണ് ബനസ്കന്ത ലോക്സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി. ഈ മണ്ഡലത്തിൽ ഉൾപ്പെടുന്ന പോളിങ് ബൂത്തിലാണ് ബി.ജെ.പി പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയത്. ബി.ജെ.പിയുടെ രേഖബെൻ ചൗധരിയാണ് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നത്.
താൻ പോളിങ് ബൂത്തിലെത്തിയപ്പോൾ സി.ആർ.പി.എഫ് സ്റ്റിക്കറൊട്ടിച്ച വാഹനത്തിലെത്തിയ ചില ബി.ജെ.പി പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നത് കണ്ടു. ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷനും പൊലീസും നടപടിയെടുക്കണമെന്ന് കോൺഗ്രസ് സ്ഥാനാർഥി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.