അമിത് ഷാക്കും മറ്റുമെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പു കമീഷനിൽ
text_fieldsന്യൂഡൽഹി: ആഭ്യന്തര മന്ത്രി അമിത് ഷാ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ എന്നിവർ പ്രചാരണ വേദികളിൽ വിദ്വേഷ പ്രസംഗം നടത്തിയതിനെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പു കമീഷനിൽ. മധ്യപ്രദേശ്, തെലങ്കാന, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിൽ നടക്കുന്ന പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി ഏഴു പരാതികളുമായാണ് കോൺഗ്രസ് നേതൃസംഘം കമീഷനെ സമീപിച്ചത്.
ആഭ്യന്തര മന്ത്രി അമിത്ഷാ 16ന് രാജ്നന്ദൻഗാവിൽ പ്രസംഗിച്ചത് പെരുമാറ്റച്ചട്ടത്തിന്റെ മാത്രമല്ല, ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ കൂടി ലംഘനമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ‘സംസ്ഥാനത്തെ ഭൂപേഷ്സിങ് ബാഘേൽ സർക്കാർ പ്രീണിപ്പിക്കൽ-വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നു, ഛത്തിസ്ഗഢിന്റെ പുത്രൻ ഭുനേശ്വർ സാഹുവിലെ തല്ലിക്കൊന്നു. ബി.ജെ.പി നീതി ലഭ്യമാക്കും. പിതാവ് ഈശ്വർ സാഹുവിനെ സ്ഥാനാർഥിയാക്കും’ എന്നിങ്ങനെയാണ് അമിത്ഷാ പ്രസംഗിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ, മറ്റു കമീഷണർമാർ എന്നിവരോട് കോൺഗ്രസ് നേതൃസംഘം വിശദീകരിച്ചു.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ ഛത്തിസ്ഗഢിൽ 18ന് കോൺഗ്രസ് സ്ഥാനാർഥി മുഹമ്മദ് അക്ബറിനെതിരെ പ്രസംഗിക്കുമ്പോൾ ഉന്നമിട്ടത് വ്യത്യസ്ത മതവിഭാഗങ്ങളെ പ്രകോപിപ്പിക്കാനാണെന്ന് പരാതിയിൽ പറഞ്ഞു.
കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരും സൈനികരും ബി.ജെ.പി സർക്കാറിന്റെ നേട്ടങ്ങൾ എടുത്തുകാട്ടണമെന്ന സർക്കാർ ഉത്തരവിനെതിരെയാണ് മൂന്നാമത്തെ പരാതി. മധ്യപ്രദേശിലെ സുർഖി ബി.ജെ.പി സ്ഥാനാർഥി ഗോവിന്ദ് സിങ് രാജ്പുതിനെ മത്സരിക്കാൻ അയോഗ്യനായി പ്രഖ്യാപിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ വോട്ടുകിട്ടുന്ന ബൂത്തിന്റെ ചുമതലക്കാർക്ക് 25 ലക്ഷം രൂപ നൽകുമെന്ന് പരസ്യമായി പ്രഖ്യാപിച്ചയാളാണ് രാജ്പുത്. ഈ സ്ഥാനാർഥിക്കെതിരെ ഇതിനകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തെലങ്കാന സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളുടെ വിതരണം വോട്ടെടുപ്പ് കഴിയുന്നതുവരെ വിലക്കണമെന്ന് ആവശ്യപ്പെടുന്നതാണ് മറ്റൊരു പരാതി.
.തെലങ്കാനയിൽ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പരസ്യമായി പിന്തുണച്ച ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി നൽകിയതിനെതിരെയും കോൺഗ്രസ് പരാതിപ്പെട്ടു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ്, മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരഞ്ഞെടുപ്പ് കമീഷനെ കണ്ടത്.
സ്ഥാനാർഥി നിർണയം അടക്കം വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു വിഷയങ്ങൾ ചർച്ച ചെയ്ത നേതൃയോഗത്തിനു ശേഷമായിരുന്നു നടപടി. യോഗത്തിൽ പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.