പുറംചാട്ട ആശങ്കയിൽ കോൺഗ്രസ്
text_fieldsന്യൂഡൽഹി: നെഹ്റു കുടുംബത്തിന്റെ വിശ്വസ്തനായി ഒരിക്കൽ അറിയപ്പെട്ട മുൻകേന്ദ്രമന്ത്രി അശ്വിനികുമാർ പാർട്ടി വിട്ടതിനു പിന്നാലെ കോൺഗ്രസിന്റെ ഭാവിയെക്കുറിച്ച ആശങ്ക വീണ്ടും പ്രകടിപ്പിച്ച് നേതാക്കൾ. പാർട്ടിയിൽ അടിമുടി അഴിച്ചുപണി ആവശ്യപ്പെട്ട് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് മുമ്പ് കത്തയച്ച ജി-23 സംഘം ആവശ്യം ആവർത്തിച്ച് വീണ്ടും കളത്തിൽ. അശ്വിനികുമാർ പാർട്ടി വിട്ടതിനെക്കുറിച്ച് കോൺഗ്രസ് ഔപചാരികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, യു.പി നിയമസഭ തെരഞ്ഞെടുപ്പ് ഫലവും കോൺഗ്രസിന്റെ പ്രകടനവും പാർട്ടിക്ക് ഏറെ നിർണായകമാണെന്ന് മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
മാർച്ച് 10ലെ ഫലം കോൺഗ്രസിന്റെ ഭാവി കൂടി നിർണയിക്കുമെന്നാണ് അവരിൽ പലരും പറയുന്നത്. യു.പിയിൽ കോൺഗ്രസിന് സീറ്റെണ്ണം കൂടാതിരിക്കുകയോ, പ്രതിപക്ഷ നിരയുടെ പ്രകടനം മോശമാവുകയോ ചെയ്താൽ കൂടുതൽ കൊഴിഞ്ഞുപോക്ക് പ്രതീക്ഷിക്കണം.
പാർട്ടി വിടുന്ന മുൻകേന്ദ്രമന്ത്രിമാർ അടക്കമുള്ളവരുടെ എണ്ണം കൂടുകയാണെന്ന് ജി-23 സംഘത്തിന്റെ നേതാവും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ ഗുലാംനബി ആസാദ് പറഞ്ഞു. കടുത്ത ഉത്കണ്ഠയുടേതാണ് സാഹചര്യം. പാർട്ടി വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണെന്നിരിക്കേ, സ്വയംവിമർശനാത്മകമായി പുറംചാടലിന്റെ കാരണം വിലയിരുത്തണം. മുതിർന്ന അംഗങ്ങൾ പോലും അസ്വസ്ഥരാണ്.
ശക്തമായ കോൺഗ്രസ് രാജ്യത്തിന്റെ ആവശ്യമാണ്. സ്വാതന്ത്ര്യത്തിനുമുമ്പേ കോൺഗ്രസ് ബന്ധമുള്ള കുടുംബമാണ് അശ്വിനി കുമാറിന്റേത്. അത്രമേൽ ബന്ധമുള്ളവരും പിരിഞ്ഞുപോകുമ്പോൾ, എന്തോ കുഴപ്പമുണ്ടെന്നുതന്നെയാണ് അർഥമെന്നും ഗുലാംനബി പ്രതികരിച്ചു. ആനന്ദ് ശർമ, മനീഷ് തിവാരി, ഭൂപീന്ദർസിങ് ഹൂഡ തുടങ്ങിയവരും അശ്വിനികുമാർ പാർട്ടിവിട്ടത് നിർഭാഗ്യകരമെന്ന് വിശേഷിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.