ഭാരത് ജോഡോ ന്യായ് യാത്രക്കെതിരായ ബി.ജെ.പി ആക്രമണം; അപലപിച്ച് കോൺഗ്രസ്
text_fieldsന്യൂഡൽഹി: അസമിൽ ഭാരത് ജോഡോ ന്യായ് യാത്രക്കെതിരായ ബി.ജെ.പി ആക്രമണത്തെ അപലപിച്ച് കോൺഗ്രസ്. ഇന്ത്യയിലെ ജനങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന എല്ലാ അവകാശങ്ങളും നീതിയും ചവിട്ടിമെതിക്കാനും തകർക്കാനും ഭരണകക്ഷി ശ്രമിക്കുന്നതായി കോൺഗ്രസ് ആരോപിച്ചു.
അസമിലെ ലഖിംപൂരിൽ ഭാരത് ജോഡോ ന്യായ് യാത്രയുടെ വാഹനങ്ങൾക്ക് നേരെ ബി.ജെ.പി നടത്തിയ ആക്രമണത്തെയും കോൺഗ്രസ് പാർട്ടിയുടെ ബാനറുകളും പോസ്റ്ററുകളും കീറിയതിനെയും ശക്തമായി അപലപിക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
കഴിഞ്ഞ 10 വർഷമായി ഭരണഘടന ഇന്ത്യയിലെ ജനങ്ങൾക്ക് ഉറപ്പുനൽകുന്ന എല്ലാ അവകാശങ്ങളും നീതിയും ചവിട്ടിമെതിക്കാനും തകർക്കാനും ബി.ജെ.പി ശ്രമിച്ചു. ജനങ്ങളുടെ ശബ്ദങ്ങൾ കീഴടക്കാനും അതുവഴി ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാനും അവർ ആഗ്രഹിക്കുന്നു. -അദ്ദേഹം വ്യക്തമാക്കി
പ്രവർത്തകരെയും നേതാക്കളെയും ഭയപ്പെടുത്താനുള്ള ഇത്തരം തന്ത്രങ്ങളിൽ പാർട്ടി പതറില്ലെന്നും ഖാർഗെ പറഞ്ഞു. അസമിലെ നോർത്ത് ലഖിംപൂർ പട്ടണത്തിൽ ഭാരത് ജോഡോ ന്യായ് യാത്രയെ സ്വാഗതം ചെയ്യുന്ന ബാനറുകളും പോസ്റ്ററുകളും ബി.ജെ.പി നശിപ്പിച്ചതായി കോൺഗ്രസ് ആരോപിച്ചിരുന്നു.
ജനുവരി 25 വരെയാണ് ഭാരത് ജോഡോ ന്യായ് യാത്ര അസമിൽ തുടരുക. 17 ജില്ലകളിലൂടെ കടന്നു പോകുന്ന യാത്ര അസമിൽ 833 കിലോ മീറ്റർ സഞ്ചരിക്കും. ജനുവരി 14ന് മണിപ്പൂരിൽ നിന്നാണ് യാത്ര തുടങ്ങിയത്. മാർച്ച് 20ന് മുംബൈയിലാണ് യാത്ര അവസാനിക്കുക. 67 ദിവസത്തിനുള്ളിൽ 6,713 കിലോ മീറ്റർ ദൂര യാത്ര സഞ്ചരിക്കും. 15 സംസ്ഥാനങ്ങളിലായി 110 ജില്ലകളിൽ യാത്രയെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.