കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ കേരളത്തിൽ ഉപതെരഞ്ഞെടുപ്പിനുശേഷം
text_fieldsന്യൂഡൽഹി: കോൺഗ്രസിന്റെ മണ്ഡലം കമ്മിറ്റി രൂപവത്കരണം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുശേഷം. ബൂത്ത് കമ്മിറ്റി, ബ്ലോക് കമ്മിറ്റി എന്നിവക്കിടയിൽ മണ്ഡലം കമ്മിറ്റികൾ രൂപവത്കരിക്കാൻ ഉദയ്പൂർ നവസങ്കൽപ് ശിബിരത്തിലാണ് തീരുമാനിച്ചത്. ഇതനുസരിച്ച് കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ മണ്ഡലം കമ്മിറ്റി രൂപവത്കരണ നടപടി ഉടൻ തുടങ്ങുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി അജയ് മാക്കൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പാർട്ടി ഘടനയിൽ പ്രഖ്യാപിച്ച പുതിയ മാറ്റങ്ങൾ ആറു മാസത്തിനകം നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശിബിരത്തിനുശേഷം സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിമാർ ചൊവ്വാഴ്ച യോഗം ചേർന്ന് അടുത്ത നടപടികൾ ചർച്ച ചെയ്തു. ബുധനാഴ്ചയും യോഗം നിശ്ചയിച്ചിട്ടുണ്ട്. നവസങ്കൽപ് ശിബിരത്തിലെ തീരുമാനങ്ങൾ നടപ്പാക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളിലും ശിൽപശാലകൾ സംഘടിപ്പിക്കും.
വിവിധ തലങ്ങളിൽ പാർട്ടി ഭാരവാഹികളുടെ പ്രവർത്തനം വിലയിരുത്തുകയും നിശ്ചയിച്ചു നൽകിയ ലക്ഷ്യം നേടുന്നതിൽ പിന്നാക്കം പോയവർക്കു പകരം ഊർജസ്വലരായവരെ നിയോഗിക്കുകയും ചെയ്യും. അഞ്ചു വർഷത്തിൽ കൂടുതൽ കാലം ഒരു പദവിയിൽ തുടരുന്നവർ വൈകാതെ സ്ഥാനമൊഴിയണമെന്ന നിബന്ധന പ്രകാരമുള്ള നടപടികളിലേക്കും പാർട്ടി കടക്കുകയാണെന്ന് അജയ് മാക്കൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.