'സ്വന്തം ജനങ്ങളെ സഹായിക്കാതെ വയനാടിനെ സഹായിക്കുന്നു'; കർണാടകയിൽ വിദ്വേഷത്തിന് തിരികൊളുത്തി ബി.ജെ.പി
text_fieldsബംഗളൂരു: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിൽ 100 വീടുകൾ നിർമിച്ചുനൽകാനുള്ള കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തെ വിമർശിച്ച് ബി.ജെ.പി എം.പിയും യുവമോർച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യ. 'രാഹുൽ ഗാന്ധിയുടെ താൽപര്യപ്രകാരമാണ് സിദ്ധരാമയ്യുടെ പ്രഖ്യാപനം. കർണാടകയെ കോൺഗ്രസ് അതിന്‍റെ എ.ടി.എം ആയി ഉപയോഗിക്കുകയാണ്. കർണാടകയിൽ പ്രളയദുരിതബാധിതർക്ക് സഹായം നൽകാൻ പരാജയപ്പെട്ട സർക്കാറാണ് വയനാട്ടിൽ സഹായം നൽകുന്നത്' -തേജസ്വി സൂര്യ ആരോപിച്ചു.
'കർണാടകയെ തങ്ങളുടെ എ.ടി.എമ്മാക്കി നാണംകെട്ട മുതലെടുപ്പ് തുടരുകയാണ് കോൺഗ്രസ്. രാഹുൽ ഗാന്ധി വയനാടിന് 100 വീടുകൾ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ്, തന്‍റെ നേതാവിന്‍റെ ആഗ്രഹം സഫലീകരിക്കാൻ സർക്കാർ ചെലവിൽ വീടുകൾ നിർമിച്ചുനൽകുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചത്. കർണാടകയിലെ മൽനാട് മേഖലയിലെ ജനങ്ങൾ കടുത്ത പ്രളയവും ഉരുൾപൊട്ടലും നേരിട്ടിട്ട് അവർക്ക് സഹായം നൽകാൻ പരാജയപ്പെട്ട സർക്കാറാണിത്. കർണാടകയിൽ ദുരിതമനുഭവിക്കുന്നവർക്ക് എത്രയും വേഗം സഹായം നൽകാൻ സിദ്ധരാമയ്യ തയ്യാറാകുമോ? കന്നഡക്കാരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുമോ? ഉത്തരാഖണ്ഡ് പോലെയുള്ള മറ്റ് സംസ്ഥാനങ്ങൾക്ക് സഹായം നൽകുമോ? പറ്റില്ല എന്നാണെങ്കിൽ, തന്‍റെ നേതാവിന്‍റെ പ്രതിച്ഛായ സംരക്ഷിക്കാൻ സർക്കാർ ഫണ്ട് ചെലവഴിക്കുന്നതിൽ സിദ്ധരാമയ്യ മറുപടി പറയേണ്ടിവരും' -തേജസ്വി സൂര്യ എക്സ് പോസ്റ്റിൽ പറഞ്ഞു.
വയനാട്ടിലെ ദുരിതബാധിതര്‍ക്ക് വേണ്ടി 100 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടകയുടെ എല്ലാ പിന്തുണയും ഉറപ്പുനല്‍കും. തങ്ങള്‍ ഒരുമിച്ച് വയനാടിന്റെ പുനര്‍നിര്‍മാണം സാധ്യമാക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു. എന്നാൽ, ഈ പ്രഖ്യാപനത്തെ രാഷ്ട്രീയമായി ഉപയോഗിച്ച് നേട്ടമുണ്ടാക്കാനുള്ള നീക്കമാണ് തേജസ്വി സൂര്യയുടെ നേതൃത്വത്തിൽ ബി.ജെ.പി നടത്തുന്നതെന്ന് വിമർശനമുയർന്നുകഴിഞ്ഞു.
നേരത്തെ, ദുരന്തമേഖലയിലെത്തിയ വയനാട് എം.പിയും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി 100 വീടുകൾ കോൺഗ്രസ് നിർമിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.