പ്രധാനമന്ത്രിയും സർവകക്ഷി സംഘവും ചൈനീസ് അതിർത്തി സന്ദർശിക്കണമെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷി സംഘം ചൈനയുമായി അതിർത്തി പങ്കിടുന്ന യഥാർഥ നിയന്ത്രണരേഖ (എൽ.എ.സി) സന്ദർശിക്കണമെന്ന് കോൺഗ്രസ്. അരുണാചൽ പ്രദേശിൽ നിന്ന് 17കാരനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോയ സാഹചര്യത്തിലാണ് കോൺഗ്രസ് ഈ ആവശ്യം മുന്നോട്ടുവെച്ചത്.
കോൺഗ്രസ് പാർട്ടി എല്ലായ്‌പ്പോഴും പാർട്ടി താൽപര്യത്തേക്കാൾ രാജ്യതാൽപര്യത്തിനാണ് പ്രാധാന്യം നൽകുന്നതെന്ന് കോൺഗ്രസ് വക്താവ് ശക്തിസിൻഹ് ഗോഹിൽ എം.പി പറഞ്ഞു. കോൺഗ്രസ് ഒരിക്കലും രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. രാജ്യത്തിന്‍റെ നേട്ടത്തിനായാണ് പ്രവർത്തിച്ചത്.
അത് രാജ്യ സുരക്ഷയാകട്ടെ, നമ്മുടെ സേനയാകട്ടെ, തീവ്രവാദ പ്രശ്‌നങ്ങളാകട്ടെ, രഘുനാഥ ക്ഷേത്രമോ പാർലമെന്‍റോ പോലുള്ളവക്ക് നേരെയുള്ള ആക്രമണങ്ങൾ ആയാലും അതിൽ രാഷ്ട്രീയം കലർത്തിയിട്ടില്ല. നമ്മുടെ രാജ്യത്തിന്‍റെ അതിർത്തികൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ ഏവരുടെയും ഉത്തരവാദിത്തമാണ്. നമ്മുടെ അതിർത്തികളിൽ എവിടെയും ആരും പ്രവേശിക്കരുതെന്നും ശക്തി സിൻഹ് വ്യക്തമാക്കി.
ഇന്ത്യൻ പ്രദേശത്ത് ചൈന നുഴഞ്ഞുകയറുന്നുവെന്ന് എന്തെങ്കിലും ചെയ്യണമെന്നും രാഹുൽ ഗാന്ധി വളരെ മുമ്പേ പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, കേന്ദ്ര സർക്കാറും നരേന്ദ്ര മോദിയും ഒന്നും ചെയ്തില്ലെന്നും ഗോഹിൽ ചൂണ്ടിക്കാട്ടി.
ചൊവ്വാഴ്ചയാണ് ഇന്ത്യന്‍ ഭൂപ്രദേശത്തിന്‍റെ ഭാഗമായ അരുണാചൽ പ്രദേശിലെ അപ്പർ സിയാങ് ജില്ലയിലെ ലങ്ത ജോർ മേഖലയിൽ നിന്ന് കൗമാരക്കാരനെ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ) തട്ടിക്കൊണ്ടുപോയത്.
ചൈനീസ് സൈന്യത്തിന്‍റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട താരൊണിന്‍റെ സുഹൃത്ത് ജോണി യെയിങ്ങാണ് വിവരം അധികൃതരെ അറിയിച്ചത്. ഇരുവരും സിഡോ ഗ്രാമവാസികളാണ്. സാങ്‌പോ നദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന പ്രദേശത്തിന് സമീപമാണ് സംഭവം.
2020 സെപ്റ്റംബറിൽ അപ്പർ സുബൻസിരി ജില്ലയിൽ നിന്ന് അഞ്ച് യുവാക്കളെ സൈനീസ് സൈന്യം തട്ടിക്കൊണ്ടുപോവുകയും ഒരാഴ്ചക്ക് ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.