പത്മശ്രീ നൽകുന്നതിന് മുൻപ് മാനസികനില പരിശോധിക്കണമായിരുന്നു; കങ്കണയുടെ പത്മശ്രീ തിരിച്ചെടുക്കണമെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: രാജ്യത്തെ സ്വാതന്ത്ര്യസമര സേനാനികളെ അപമാനിച്ച ബോളിവുഡ് താരം കങ്കണ റണാവത്തിന് നൽകിയ പത്മശ്രീ പുരസ്കാരം ഉടൻ തിരിച്ചെടുക്കണമെന്ന് കോൺഗ്രസ്. യാചിച്ചവർക്ക് മാപ്പ് കിട്ടി, പൊരുതിയവർക്ക് സ്വാതന്ത്ര്യവും കിട്ടിയെന്നാണ് സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത സംഭവം പരാമർശിച്ചു കൊണ്ട് കോൺഗ്രസ് ട്വീറ്റ് ചെയ്തത്.
ഇന്ത്യക്ക് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണെന്നും 1947ൽ ലഭിച്ചത് ഭിക്ഷയാണുമെന്ന നടി കങ്കണ റണൗത്തിന്‍റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന വലിയ വിവാദമായിരുന്നു. സവർക്കറുൾപ്പെടെയുള്ളവരാണ് ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം നേടാൻ വേണ്ടി പൊരുതിയവരെന്നും കങ്കണ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വലിയ വിമർശനം ഉയരുന്നത്.
നടിക്ക് ലഭിച്ച പത്മശ്രീ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ദേശീയ മഹിളാ കോൺഗ്രസ് പ്രസിഡന്റിന് കത്തയച്ചിരുന്നു. രാജ്യത്തെ ഭരണഘടനയെയോ നിയമത്തെയോ അനുസരിക്കാത്ത ഒരാൾ പത്മശ്രീ പുരസ്കാരത്തിന് അർഹതയില്ലെന്ന് കത്തിൽ പറയുന്നു.
മുതിർന്ന കോണ്ഗ്രസ് നേതാവ് ആനന്ദ് ശർമയും കങ്കണക്ക് നൽകിയ പത്മശ്രീ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. രാജ്യം പത്മ പുരസ്കാരം നൽകി ആദരിക്കുന്നതിന് മുൻപ് ഇത്തരക്കാരുടെ മനോനില പരിശോധിക്കണമെന്നും അല്ലെങ്കിൽ രാജ്യത്തെ അവഹേളിക്കുന്ന ഇത്തരം പ്രസ്താവനകൾ വീണ്ടും ഉണ്ടാകുമെന്നും ആനന്ദ് ശർമ പറഞ്ഞു. രാജ്യത്തെ സ്വാതന്ത്ര്യ സമരസേനാനികളെ കങ്കണ അപമാനിച്ചിരിക്കുകയാണ്. രാജ്യത്തെ അപമാനിച്ച താരം പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗാന്ധി, നെഹ്റു, ഭഗത് സിങ്, സർദാർ പട്ടേൽ തുടങ്ങിയവരുടെ ത്യാഗത്തേയും രക്തസാക്ഷിത്വത്തേയും അപമാനിച്ച കങ്കണ റണാവത്തിന്‍റെ പത്മശ്രീ തിരിച്ചെടുക്കണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാലയും ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.