വീരപ്പ മൊയ് ലിക്ക് കോൺഗ്രസ് സീറ്റ് നൽകിയില്ല
text_fieldsമംഗളൂരു: കർണാടക മുഖ്യമന്ത്രിയും കേന്ദ്ര നിയമമന്ത്രിയുമായിരുന്ന അഡ്വ.എം.വീരപ്പ മൊയ്ലിക്ക് ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നൽകിയില്ല. ശേഷിച്ച നാല് മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ മൊയ്ലിയുടെ ചിക്കബല്ലപ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി രക്ഷ രാമയ്യക്കാണ് നൽകിയത്. ഇവിടെ താൻ മത്സരിക്കുമെന്ന് വീരപ്പ മൊയ്ലി കഴിഞ്ഞ സെപ്റ്റംബറിൽ പ്രഖ്യാപിച്ചിരുന്നു.
ചിക്കബല്ലപ്പൂർ മണ്ഡലത്തിൽ നിന്ന് 2009ലും 2014ലും വിജയിച്ച മൊയ്ലി കോൺഗ്രസ് -ജെ.ഡി.എസ് സ്ഥാനാർഥിയായ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ബി.എൻ.ബച്ചെ ഗൗഡയോട് പരാജയപ്പെട്ടതാണ്. മുൻ മന്ത്രി കെ.സുധാകറാണ് ഈ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി.
മുൻ മന്ത്രി എച്ച്.എൻ.ശിവശങ്കര റെഡ്ഡിയുടെ ചാമരാജ നഗർ മണ്ഡലത്തിൽ ഇത്തവണ സുനിൽ ബോസ് ആണ് സ്ഥാനാർഥി. കർണാടക സാമൂഹിക ക്ഷേമ മന്ത്രിയും മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ അടുപ്പക്കാരനുമായ എച്ച്.സി.മഹാദേവപ്പയുടെ മകനായ സുനിലും ബി.ജെ.പിയുടെ എസ്.ബലരാജും തമ്മിലാവും മത്സരം.
മറ്റൊരു എംഎൽഎ കൂടി കോൺഗ്രസ് ലോക് സഭ സ്ഥാനാർഥികളിൽ ഇടം നേടി.സന്ദൂർ മണ്ഡലം എം.എൽ.എ ഇ.തുകാറാം ബെല്ലാരിയിൽ മുൻ മന്ത്രി ബി.ജെ.പിയുടെ ബി.ശ്രീരാമുലുവുമായി ഏറ്റുമുട്ടും.
കോലാർ മണ്ഡലത്തിൽ കെ.വി.ഗൗതം കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കും. ഈ സംവരണ മണ്ഡലത്തിൽ മന്ത്രി കെ.എച്ച്.മുനിയപ്പയുടെ കുടുംബത്തിൽ നിന്ന് സ്ഥാനാർഥയെ തീരുമാനിച്ചാൽ രാജിവെക്കുമെന്ന് മന്ത്രി എം.സി.സുധാകറും ഏതാനും എം.എൽ.എമാരും ഭീഷണി മുഴക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.