'അമൂലി'നെ ചൊല്ലി കർണാടകയിൽ രാഷ്ട്രീയ പോര് മുറുകുന്നു
text_fieldsബംഗളൂരു: കർണാടകയിൽ പാലുൽപന്നങ്ങൾ വിൽക്കുമെന്ന അമൂലിന്റെ പ്രഖ്യാപനത്തിൽ രാഷ്ട്രീയ പോര് മുറുകുന്നു. കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനിയെ തകർക്കാനുള്ള നീക്കമാണിതെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ, കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി നേതാവും മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മൈ പ്രതികരിച്ചു.
'അമൂൽ ബ്രാൻഡിനെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ല. നന്ദിനി എന്ന ബ്രാൻഡിനെ കൂടുതൽ മത്സരാധിഷ്ഠിതമാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. നന്ദിനി രാജ്യത്തെ ഒന്നാം നമ്പർ ബ്രാൻഡായി മാറും' -ബൊമ്മൈ പറഞ്ഞു. കർണാടകയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ബ്രാൻഡ് അല്ല നന്ദിനി. ആന്ധപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ തിരുപതി, തിരുമല എന്നിവിടങ്ങളിലും സൈന്യത്തിനും നന്ദിനിയുടെ പാൽ വിൽക്കുന്നുണ്ട്. മറ്റു ബ്രാൻഡുകൾ കാലങ്ങളായി കർണാടകയിൽ പാലുൽപന്നങ്ങൾ വിൽപന നടത്തുന്നുണ്ട്. അമൂൽ ബി.ജെ.പി ബ്രാൻഡും നന്ദിനി കോൺഗ്രസ് ബ്രാൻഡുമാണോ എന്നും ആരോഗ്യ മന്ത്രി കെ. സുധാകർ ചോദിച്ചു.
അതേസമയം അമൂൽ ഉൽപന്നങ്ങൾ കർണാടകയിൽ വിൽക്കുന്നതിനെതിരെ കോൺഗ്രസ് കാമ്പയിൻ ആരംഭിച്ചു. പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ വിഷയത്തിൽ രൂക്ഷ പ്രതികരണം നടത്തി. ജനങ്ങൾ കെട്ടിപ്പൊക്കിയ ബാങ്കുകളെ ലയനത്തിന്റെ പേരിൽ വിഴുങ്ങിയതു പോലെ കർണാടകയിലെ കർഷകരുടെ ജീവനാഡിയായ നന്ദിനി ബ്രാൻഡ് അടച്ചുപൂട്ടാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ശ്രമിക്കുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു.
ഗുജറാത്തിന്റെ പുരോഗതിയും കർണാടക ബ്രാൻഡിന്‍റെ നാശവുമാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി.കെ. ശിവകുമാർ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് അമൂൽ പാൽ വിൽക്കാനുള്ള നീക്കത്തെ ജനങ്ങൾ എതിർക്കണമെന്ന് മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.