നഗര തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആധിപത്യം: ബെള്ളാരി മുനിസിപ്പൽ കോർപറേഷൻ നിലനിർത്തി
text_fieldsബംഗളൂരു: കർണാടകയിലെ പത്ത് നഗര തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആധിപത്യം. പത്തിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ ഏഴിലും കോൺഗ്രസ് വിജയിച്ചു. ഒരിടത്തുമാത്രമാണ് ബി.ജെ.പിക്ക് ഭരണം പിടിച്ചെടുക്കാനായത്. രണ്ടിടങ്ങളിൽ ജെ.ഡി.എസ് ഭരണം നേടി. പത്തിടങ്ങളിലായി ആകെയുള്ള 266 സീറ്റിൽ 119 സീറ്റിൽ കോൺഗ്രസ് വിജയിച്ചപ്പോൾ 56 സീറ്റിലാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. ജെ.ഡി.എസ് 67 സീറ്റിലും വിജയിച്ചു.
ബെള്ളാരി മുനിസിപ്പൽ കോർപറേഷൻ കോൺഗ്രസ് നിലനിർത്തുകയും ബീദർ മുനിസിപ്പൽ കൗ ൺസിലിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുകയും ചെയ്തു. 21 സീറ്റുകൾ നേടിയാണ് ബെള്ളാരി മുൻസിപ്പൽ കോർപറേഷൻ കോൺഗ്രസ് പിടിച്ചെടുത്തത്. 13 സീറ്റിൽ ബി.ജെ.പിയും അഞ്ചു സീറ്റിൽ കോൺഗ്രസ് വിമതരും വിജയിച്ചു. കുടക് ജില്ലയിലെ മടിക്കേരി മുനിസിപ്പൽ കൗൺസിലിൽ 23 സീറ്റുകളിൽ ബി.ജെ.പി 16 സീറ്റുകൾ നേടി വിജയിച്ചു. എസ്.ഡി.പി.ഐ അഞ്ച് സീറ്റിലും വിജയിച്ചപ്പോൾ കോൺഗ്രസിനും ജെ.ഡി.എസിനും ഒരോ സിറ്റീലാണ് വിജയിക്കാനായത്. ബീദർ മുനിസിപ്പൽ കൗൺസിലിൽ 15 സീറ്റുകളോടെ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബി.ജെ.പി എട്ട് സീറ്റിലും ജെ.ഡി.എസ് ഏഴു സീറ്റിലും ആഖിലേന്ത്യ മജ് ലിസ് പാർട്ടി രണ്ടു സീറ്റിലും ആം ആദ്മി ഒരു സീറ്റിലും വിജയിച്ചു. രണ്ടു വാർഡുകളിൽ മത്സരം നടന്നില്ല.
മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ നാടായ ശിവമൊഗ്ഗ ജില്ലയിലെ തീർഥഹള്ളി ടൗൺ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 15 വാർഡുകളിൽ ഒമ്പതിലും കോൺഗ്രസ് വിജയിച്ചു. ആറു സീറ്റിലാണ് ബി.ജെ.പിക്ക് ജയിക്കാനായത്. 23 വർഷമായി തീർഥഹള്ളിയിലെ ബി.ജെ.പി ഭരണം അവസാനിപ്പിച്ചുകൊണ്ടാണ് കോൺഗ്രസിെൻറ വിജയം. ശിവമൊഗ്ഗയിലെ തന്നെ ഭദ്രാവതി മുനിസിപ്പൽ കൗൺസിൽ 18 സീറ്റുകളോടെ കോൺഗ്രസ് നിലനിർത്തി. ജെ.ഡി.എസ് 11 സീറ്റും ബി.ജെ.പി നാലു സീറ്റും സ്വതന്ത്ര ഒരു സീറ്റും നേടി. ചിക്കബെല്ലാപുര ജില്ലയിലെ ഗുഡിബന്ദെ ടൗൺ പഞ്ചായത്തിൽ 11 സീറ്റുകളിൽ ആറു സീറ്റുകൾ നേടി കോൺഗ്രസ് വിജയിച്ചു. കോൺഗ്രസ് വിമതരായ മൂന്നുപേരും ജെ.ഡി.എസിെൻറ രണ്ടുപേരും വിജയിച്ചു. മത്സരിച്ച ഏഴു സീറ്റിലും ബി.ജെ.പി പരാജയപ്പെട്ടു. ബംഗളൂരു റൂറൽ ജില്ലയിലെ വിജയപുര ടൗൺ മുനിസിപ്പൽ കൗൺസിലിൽ 23 സീറ്റുകളിൽ 14 സീറ്റുകളോടെ ജെ.ഡി.എസ് ഭരണം പിടിച്ചെടുത്തു. കോൺഗ്രസ് ആറു സീറ്റിലും സ്വതന്ത്രർ രണ്ടു സീറ്റിലും ബി.ജെ.പി ഒരു സീറ്റിലും വിജയിച്ചു. എട്ടു വർഷത്തിനുശേഷമാണ് ഭരണം കോൺഗ്രസിൽനിന്ന് തിരിച്ചുപിടിക്കുന്നത്.
രാമനഗര സിറ്റി മുൻസിപ്പൽ കൗൺസിലിൽ 31 സിറ്റീൽ 19ലും വിജയിച്ച് കോൺഗ്രസ് ഭരണം നേടിയപ്പോൾ ബി.ജെ.പിക്ക് ഒരു സീറ്റിലും വിജയിക്കാനായില്ല. 11 സീറ്റിൽ ജെ.ഡി.സും ഒരു സീറ്റിൽ സ്വതന്ത്രനും വിജയിച്ചു. രാമനഗര ചന്നപട്ടണ സിറ്റി മുനിസിപ്പൽ കൗൺസിലിൽ 16 സീറ്റുകളിൽ വിജയിച്ച് ജെ.ഡി.എസ് ഭരണം ഉറപ്പിച്ചു. ഏഴു സീറ്റുകൾ വീതം കോൺഗ്രസും ബി.ജെ.പിയും നേടി. ഒരു സീറ്റിൽ സ്വതന്ത്രൻ വിജയിച്ചു. ഹാസനിലെ ബേലൂർ ടൗൺ മുനിസിപ്പൽ കൗൺസിലിൽ 17 സീറ്റുകളോടെ കോൺഗ്രസ് വിജയിച്ചു. ബി.ജെ.പി ഒരു സീറ്റിലും ജെ.ഡി.എസ് അഞ്ചു സീറ്റിലും വിജയിച്ചു. സംസ്ഥാനത്തെ ബി.ജെ.പിയുടെ മോശം ഭരണത്തിന് ജനം നൽകിയ തിരിച്ചടിയാണെന്നും കോൺഗ്രസ് പാർട്ടിയിൽ വിശ്വാസം അർപ്പിച്ചതിന് ജനങ്ങളോട് നന്ദിയുണ്ടെന്നും കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ ട്വീറ്റ് ചെയ്തു. ഏപ്രിൽ 27നാണ് തെരഞ്ഞെടുപ്പ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.