ബദൽ കാർഷിക ബിൽ തയാറാക്കി കോൺഗ്രസ്
text_fieldsന്യൂഡൽഹി: മോദി സർക്കാറിെൻറ കർഷക ബില്ലിനെതിരെ ബദലിന് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ. പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് ബദൽ ബിൽ പാസാക്കാനാണ് ഒരുക്കം. തയാറാക്കിയ കരട് ബില്ല് കോൺഗ്രസ് കേന്ദ്ര നേതൃത്വം പാർട്ടി മുഖ്യമന്ത്രിമാർക്ക് അയച്ചു.
കേന്ദ്രം കൊണ്ടുവന്ന നിയമം നടപ്പാക്കുന്ന തീയതി സംസ്ഥാനം നിശ്ചയിക്കുന്നതാണ് ഒരു ബിൽ. കർഷകനും ഏതെങ്കിലും കമ്പനിയുമായി കരാർ കൃഷിയാകാമെങ്കിലും മിനിമം താങ്ങുവിലയിൽ കുറഞ്ഞ് ഉൽപന്നം വാങ്ങാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് രണ്ടാമത്തെ ബിൽ.
നിയമസഭ പാസാക്കുന്ന ബിൽ നിയമമാകണമെങ്കിൽ രാഷ്ട്രപതി അംഗീകരിക്കണം. നിലവിലെ സാഹചര്യത്തിൽ സാധ്യതയില്ല. എന്നാൽ, ബിൽ മടക്കിയാൽ കാരണം കാണിക്കണം.
രാജസ്ഥാൻ, പഞ്ചാബ്, ഛത്തിസ്ഗഢ്, പുതുച്ചേരി എന്നിവിടങ്ങളിൽ കോൺഗ്രസാണ് ഭരിക്കുന്നത്.
സഖ്യകക്ഷികളോടൊപ്പം അധികാരം പങ്കിടുന്ന മഹാരാഷ്ട്ര, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ ബദൽ ബിൽ പാസാക്കുന്നതിൽ ധാരണയാകാനുണ്ട്. കേരളം, പശ്ചിമ ബംഗാൾ തുടങ്ങിയ കോൺഗ്രസിതര, ബി.ജെ.പിയിതര സംസ്ഥാനങ്ങളുടെ അടുത്ത നടപടിയും രൂപപ്പെടാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.